Wednesday, September 22, 2010

ചുരത്തിലെ ഒമ്പതാമത്തെ വളവ്...


ചുരത്തിലെ ഒമ്പതാമത്തെ വളവിനുമപ്പുറമുള്ള ബസ്സ്‌സ്റ്റോപ്പില്‍ അവള്‍ കാത്തിരിക്കുന്നുണ്ടായിരിക്കും..
പ്രതീക്ഷകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഇലഞ്ഞിമരത്തിനുതാഴെ,
നിലാവിന്റെ കസവുകൊണ്ട് അരികുതുന്നിയ പട്ടുപുടവ ചുറ്റി നിന്നവള്‍...
'ഇത് അടിവാരം.. ഇവിടെ നിന്ന് ഏകദേശം പത്തു മിനുറ്റെടുക്കും നിങ്ങള്ക്കിറങ്ങേണ്ട  സ്റ്റോ പ്പെത്താന്‍, അവസാനത്തെ ഹെയര്‍പ്പിന്‍ വളവുകഴിഞ്ഞ്'
സീറ്റില്‍ അടുത്തിരിക്കുന്ന കണ്ണടക്കരനാണ്.  ഗൌതമന്‍ ചിരിച്ചു.
ബസ്സിലും തീവണ്ടിയിലുമുള്ള അപരിചിതരോടുള്ള ചങ്ങാത്തം അയാള്‍ വെറുത്തു.  വെറും മിനുട്ടുകളും ചിലപ്പോള്‍ മണിക്കൂറുകളും മാത്രമുള്ള ചങ്ങാത്തങ്ങള്‍.
അയാള്‍ ബസ്സിനു പുറത്തേക്കു നോക്കിയിരുന്നു.വെയിലുദിച്ചിട്ടും പോകാന്‍ കൂട്ടാക്കാതെ നില്‍ക്കുന്ന കോടമഞ്ഞ്.
കോടമഞ്ഞിന്റെ മൂടുപടത്തിനിടയിലൂടെ ദൂരെ കാണുന്ന ഗിരിനിരകള്‍.

വലത്തേ സൈഡിലെ സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത് നിര്‍വികാരതയുടെ വെളുപ്പ്‌.
അലക്ഷ്യമായി ഇടത്തേകയ്യിലെ ഹാന്‍ഡ്ബാഗില്‍ തെരുപ്പിടിച്ചു കൊണ്ട് അവള്‍ ബസ്സിന്റെ മുന്നിലെ ചില്ലിലൂടെ പുറത്തേക്കു നോക്കിയിരുന്നു.
നടക്കാതെപോയ സ്വപ്നങ്ങളെ കുറിച്ചുള്ള വേവലാതിയാകാം, മുഖത്തെ വിളര്‍ച്ചയ്ക്കു പിന്നില്‍.
ഇടത്തേ കയ്യിലെ ഹാന്‍ഡ്ബാഗില്‍ അലക്ഷ്യമായി ഇഴഞ്ഞുകൊണ്ടിരുന്ന നീലരോമങ്ങളുള്ള വെളുത്ത കൈതണ്ടയും നീണ്ടുകൂര്‍ത്ത വിരലുകളും.

'അതിങ്ങനെയല്ല.. ദേ, ഇവിടെ നോക്ക്.'
വെളുത്തു നീണ്ടു കൂര്‍ത്ത വിരലുകള്‍ ടെക്സ്റ്റ്‌ബുക്കിലെ വരികള്‍ക്കു പിന്നാലെ ഇഴഞ്ഞുനീങ്ങി.
'പരീക്ഷയുടെ തലേന്നു വരെ നീ എന്തു നോക്കിയിരിക്ക്യാ?'.  അനസൂയ അവന്റെ തലയ്ക്കൊരു കിഴുക്കു കൊടുത്തു.
ലൈബ്രറിയിലെ പൊടിപിടിച്ച ബുക്കുകളുടെ മനംമടുപ്പിക്കുന്ന ഗന്ധം അവള്‍ മുന്നിലേക്കിട്ടു.
അക്ഷരങ്ങളും ചിഹ്നങ്ങളും കണ്മുന്നില്‍ നൃത്തം വച്ചു.
'വിജ്ഞാനം പെറ്റുകിടക്കുന്ന ലൈബ്രറിയിലെ ഇരുണ്ടമൂലകള്‍ നമുക്കന്തിന്?  വരൂ.. നമുക്ക് പോകാം.. അനന്തമേഘപഥങ്ങളില്‍ വിഹംഗങ്ങളായി സ്വച്ചന്ദം പറന്നു നടക്കാം..
ഭുജംഗങ്ങളെപോലെ ഭൌമകമ്പനങ്ങള്‍ കാതോര്‍ത്തു കൊണ്ട് ഇഴഞ്ഞു നടക്കാം..'
'ദേ പിന്നേം ഭ്രാന്തിളകിയോ? കഷ്ടം'
ഗൌതമന്‍ ഇറങ്ങി നടന്നു. വിളഞ്ഞ നെല്‍വയലുകള്‍ക്കിടയിലൂടെ.  നെല്‍ചെടികള്‍ വിളകള്‍ കോര്‍ത്തു മാലയിട്ട് നമ്രശിരസ്ക്കരായ് നിന്നു.
ചെറിയ മത്സ്യക്കുഞ്ഞുങ്ങള്‍ വെള്ളത്തിനു മുകളില്‍ വന്നു സൂര്യനെ എത്തിനോക്കി.  തൊട്ടുവക്കില്‍ മത്സ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും കാത്തു കൊറ്റികള്‍ ഒറ്റക്കാലില്‍ തപസ്സു ചെയ്തു.
അയാള്‍ കാറ്റിന്റെ മണം പിടിച്ചു നടന്നു.

ഈണത്തിലുള്ള കൊയ്ത്തുപാട്ടു കേട്ടുകൊണ്ടാണ് അയാള്‍ ഉണര്‍ന്നത്.  ബസ്സ്‌ ഏതോ സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുക്കുകയാണ്.
കറുത്ത വലിയ ഫ്രെയ്മുള്ള കണ്ണടയും  വച്ച്, കയ്യില്‍ ഒരു ഓഫീസു ബാഗുമായി ഒരാള്‍ കയറി. ഗൌതമന്റെ സീറ്റിനടുത്ത്‌ വന്നു നിന്നു നോക്കി.
ഗൌതമന്‍ ഇടതു വശത്തെ ഒഴിഞ്ഞ സീറ്റില്‍ വച്ചിരുന്ന ബാഗെടുത്തു മടിയില്‍ വച്ച് നീങ്ങിയിരുന്നു.  കണ്ണടക്കാരന്‍ ഇരുന്നു കൊണ്ട് പറഞ്ഞു.
'താങ്ക്സ്'
അയാള്‍ ശബ്ദ മില്ലാതെ ചിരിച്ചു കാണിച്ചു.
'തിങ്കളാഴ്ച യായതു കൊണ്ടാനിത്ര തിരക്ക്. അല്ലെങ്ങില്‍ സീറ്റെല്ലാം കാലിയായിരിക്കും.'
അയാള്‍ വെറുതെ ബസ്സിലൂടെ കണ്ണോടിച്ചു.
സീറ്റുകളിലെല്ലാം ആളുകളുണ്ട്.  ഒന്നുരണ്ടു പേര്‍ നില്‍ക്കുന്നുമുണ്ട്.

അയാളുടെ ചുണ്ടിന്റെ കോണിലൊരു ചിരിയുയര്‍ന്നു. ഇതാണോ തിരക്ക്!!
അയാള്‍ കണ്ട ബസ്സുകളിലെ തിരക്കെന്ന് വച്ചാല്‍ സൂചി കുത്താനിടമില്ലാത്തത്ര ആള്‍ക്കൂട്ടം ബസ്സിനുള്ളില്‍ നില്‍ക്കുന്നതും പിന്നെയും എട്ടുപത്തുപേര്‍ തുറന്നു കിടക്കുന്ന ഡോറിനുപുറത്തു തൂങ്ങിക്കിടക്കുന്നതുമാണ്.
ബസ്സിലെ തിരക്ക് ദൂരെനിന്നു കാണുമ്പോഴേ അയാള്‍ക്കു ശ്വാസം മുട്ടും.  പിന്നെ ഓഫീസിലേക്കുള്ള മൂന്നുകിലോമീറ്റെര്‍ ദൂരം നടന്നു പോകും.  റോഡരികില്‍ കല്ലുപാകിയ നടപ്പാതയിലൂടെ.
നടപ്പാതയിലേക്കു തൊട്ടാവാടികളും കമ്മ്യുണിസ്റ്റുപച്ചയും  പിന്നെ പേരറിയാത്ത ഒരു പാടു ചെടികളും കയറി വന്നിരുന്നു.
കമ്പിവേലി കെട്ടി തിരിച്ച പാര്‍ക്കിനുള്ളില്‍ മോര്‍ണിംഗ് വാക്കിനു വന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും.  വാര്‍ദ്ധക്ക്യതിന്റെ ഏകാന്തതയില്‍ നിന്നിതിരിനേരം രക്ഷപ്പെടാനുള്ള ഒരിടമായിരിക്കും അവര്‍ക്കിത്.   പാര്‍ക്ക് അവിടെയെത്തുന്ന സന്ദര്‍ശകരെപോലെ തന്നെ നരച്ചു കിടന്നു.
നാലുമൂലയ്ക്കലും നില്‍ക്കുന്ന നിറംമങ്ങിയ ചുവന്ന കടലാസു പൂവുകള്‍ വിരിഞ്ഞു നില്‍ക്കുന്ന മുള്ളുള്ള ചെടിയും, കരിഞ്ഞ പുല്ലുകളുള്ള ലോണും.
റോഡിനിരുവശത്തും മാനംമുട്ടെ വളര്‍ന്നു നില്‍ക്കുന്ന മരങ്ങളുള്ളത് കൊണ്ട് നടത്തം സുഖകരം തന്നെയാണ്.

വേനല്‍ക്കാലങ്ങളില്‍ അരളിമരങ്ങളില്‍ മഞ്ഞപൂവുകള്‍ വിടര്‍ന്നുനിന്നു.
കാറ്റുവീശുമ്പോള്‍ പൂക്കള്‍ മഴയായ് റോഡിലേക്ക് വീണു.
പലപ്പോഴും അയാള്‍ ഓഫീസിലെത്താന്‍ വൈകി.
വീണുകിടക്കുന്ന പൂവുകള്‍ അയാള്‍ കയ്യിലെടുത്തു നോക്കിനിന്നു.
അയാളും പൂവും തമ്മില്‍ കാലങ്ങളുടെ അന്തരമുണ്ടായിരുന്നു.  പൂവ് കൊഴിഞ്ഞു വീഴുന്ന നേരങ്ങളില്‍  അയാള്‍ ഒരു കൊച്ചുകുട്ടിയായി.  കുഞ്ഞുവിരലുകള്‍ക്കിടയില്‍ പൂവിതള്‍ തിരുകി വച്ച് ഇടറുന്ന കാലുകളുമായി, കിളിര്‍ത്തു വരുന്ന കുഞ്ഞരിപല്ലു കാണിച്ചു ചിരിച്ചുകൊണ്ട്, കുഞ്ഞുവാവ മുറ്റത്ത്‌ ഓടിനടന്നു,  കുഞ്ഞുങ്ങള്‍ക്ക്‌ മാത്രമറിയാവുന്ന ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ട്.
പൂവ് കൈവെള്ളയില്‍ വെച്ചു കൊണ്ട് അയാള്‍ പിന്നെയും ആ ശബ്ദങ്ങളുണ്ടാക്കി.

'നിങ്ങള്‍ എവിടെക്ക്യ?'
അയാള്‍ കണ്ണുതുറന്നു നോക്കി.  കണ്ണടക്കാരന്‍ അയാളെ തുറിച്ചു നോക്കുന്നു.
അയാളിറങ്ങേണ്ട സ്ഥലം പറഞ്ഞു.
'ഇവിടെനിന്നും രണ്ടാമത്തെ സ്റ്റോപ്പ്‌ ആണ്. എന്നുവച്ചാ ആദ്യം അടിവാരം സ്റ്റോപ്പ്‌, അത് കഴിഞ്ഞാ ചുരമാണ്.  ചുരം കഴിഞ്ഞുള്ള ആദ്യത്തെ സ്റ്റോപ്പ്‌.
ഇവിടെ ആദ്യമായാണോ?'
'അതെ'
'എവിടെനിന്നാ വരുന്നേ?' കണ്ണടക്കാരന്‍ വിടുന്ന ലക്ഷണമില്ല..
എവിടെനിന്നാണ്?
'ഇത്തിരി ദൂരേന്ന്'
'എന്ന് വച്ചാ സ്ഥലം?'
പേരില്ലാത്ത നാടുകളുണ്ടാവില്ലേ?
അക്ഷരങ്ങളും വാക്കുകളുമുണ്ടാവുമ്പോള്‍ പേരുകളും വരുന്നു.  എന്നിട്ടും പലപ്പോഴും പലതിനും പേരുകളില്ല!
നീണ്ടു കിടക്കുന്ന വയലേലകളിലെ, വലിയ ആല്‍മരം വളര്‍ന്നു നിന്നിരുന്ന തുരുത്തിനെ ആളുകള്‍ വിളിച്ചിരുന്നത് അരയാല്‍ദ്വീപെന്നാണ്.
അവിടെ ഒരു സര്‍പ്പക്കാവുണ്ടായിരുന്നു.  മഞ്ഞള്‍ കലക്കിയൊഴിച്ച് വിളക്കു വെക്കാന്‍ ഒരു വൃദ്ധന്‍, വൈകുന്നേരങ്ങളില്‍  അവിടെ വരാറുണ്ട്.  അയാള്‍ക്കു പേരുണ്ടായിരുന്നോ?
ചിത്രശലഭങ്ങള്‍ അവിടെത്തെ കാട്ടുപൂക്കളെ ഉമ്മ വച്ചു പറന്നുനടന്നു.  ഓണക്കാലത്ത് തുമ്പികള്‍ കൂട്ടമായി സര്‍പ്പക്കളത്തിന് ചുറ്റും പറന്നു നടന്നു.
വെയില്‍ മൂക്കുമ്പോള്‍ സര്‍പ്പങ്ങള്‍ മാളങ്ങളില്‍ നിന്നും പുറത്തു വന്നിരുന്നു വെയിലുകൊണ്ടു.
ഉച്ച നേരങ്ങളില്‍ ആരും അവിടെ പോയില്ല.
ആല്‍മരത്തിന്റെ ശിഖരങ്ങളില്‍ നിന്നും തൂങ്ങി നിന്ന വേരുകളില്‍ ഉഞ്ഞാലാടാന്‍ കുട്ടികള്‍ വയലിലൂടെ നടന്നു തുരുത്തീലെത്തീയിരുന്നു.

'വരാം.. എന്തായാലും നേരത്തെ വരാം മോളെ.'
കണ്ണടക്കാരന്‍ മൊബൈല്‍ ഫോണിലാണ്.  സംസാരത്തിന് ശേഷം അയാള്‍ ഗൌതമനോട് പറഞ്ഞു.
'മകളാണ്.. ഇന്നവളുടെ പിറന്നാളാണ്.  ഇന്ന് ഓഫീസില്‍ നിന്നും ഹാഫ് ഡേ ലീവ് എടുത്തിരിക്കുകയാണ്. ഉച്ചയ്ക്ക് ചെറിയൊരു സദ്യയും പിന്നെ ഒരു സിനിമയും.  ഇത്രയും കൊണ്ടു മോള് ഹാപ്പിയാവും.'
'മോള്‍ക്കെത്ര വയസ്സായി?'
'ആറു വയസ്സ്.. മഹാ കുസൃതിയാ. പിറന്നാളായിട്ട് സ്കൂളിലൊന്നും പോയിട്ടില്ല ഇന്ന്.

ഗൌതമന്റെ ചോദ്യം അയാളിലെ ഉത്സാഹം കൂട്ടി. പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
'നിങ്ങളെങ്ങോട്ടാ പോവുന്നത്? ജോലിചെയ്യുകയാണോ?'
'ചുരത്തിലെ ഒമ്പതാമത്തെ വളവു കഴിഞ്ഞുള്ള സ്റ്റോപ്പില്‍'
'അവിടെ?'
ബസ്സ്‌സ്റൊപ്പിലെ ഇടതുവശത്തുള്ള ചായക്കടയുടെ വലത്തേ സൈഡിലൂടെ താഴോട്ടുള്ള ഇടവഴിയിലൂടെ, ആ ഇടവഴിയിലൂടെ അഞ്ചുമിനുട്ട് നടന്നാല്‍ പൂഴി നിറഞ്ഞ ഒരു വഴിയിലെത്തും,  അതിന്റെ ഡെഡ്എന്‍ഡില്‍ എത്തിയാല്‍ അവിടെയൊരു ഇലഞ്ഞിമരം കാണാം.  പൂത്തുനില്‍ക്കുന്ന ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍, ചന്ദനനിറമുള്ള പട്ടുപാവാടയും ചുറ്റി അവള്‍ നില്‍ക്കുന്നുണ്ടാവും.
'ആര്?'
'അതറിയേണ്ടത് തന്നെയാണ് എന്റെയും ആവശ്യം'.
മൂക്കിലേക്ക് താഴ്ന്നു നിന്ന കണ്ണടയ്ക്കു മുകളിലൂടെ അയാള്‍ ഗൌതമനെ അത്ഭുതത്തോടെ നോക്കി.
'എങ്ങിനെയറിയാം അവിടെ അങ്ങിനെ ഒരാള്‍ കാത്തു നില്‍ക്കുന്നുവെന്ന്?'

കാത്തു നില്‍പ്പിന്റെ അര്‍ഥങ്ങള്‍ നിങ്ങക്കറിയില്ല.
മേഘങ്ങള്‍ ചുവന്നു തുടുത്ത്, ആകാശം കറുത്ത് തുടങ്ങുന്ന സന്ധ്യകളില്‍ അവര്‍ തോളുരുമ്മിയിരുന്നു, ചക്രവാളങ്ങളില്‍ ചിറകടിച്ചു പറക്കുന്ന പറവകളുടെ ശബ്ദം കേള്‍ക്കാന്‍ കാത്തുനിന്നു.
പറവകള്‍ ഉച്ചത്തില്‍ ശബ്ദിച്ചു കൊണ്ടു പറന്നു പോയി.
പക്ഷെ എല്ലായിപ്പോഴും കാത്തിരുപ്പുകള്‍ സഫലങ്ങളായില്ല.
നീലിച്ച രോമങ്ങളുള്ള കൈത്തണ്ടയുള്ളവള്‍ അവസാനമായി പറഞ്ഞു, അല്ല ഒരു SMS  ആയിരുന്നു.
കോളേജിലെ അവസാനദിവസത്തിനു ശേഷം എന്നോ ഒരിക്കല്‍, എപ്പഴോ സ്വിച്ച്ഡ് ഓഫായിപ്പോയ മൊബൈല്‍ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ കണ്ട SMS.
'കോളേജ് ഗൈറ്റിനു പുറത്തെ സ്റ്റോറിന്റെ വരാന്തയില്‍ ഞാന്‍ കാത്തിരുന്നു. ഐ ട്രൈഡ് റ്റു കോള്‍ യു. ബട്ട് യു വേര്‍ സ്വിച്ച്ഡ് ഓഫ്‌.  ഇനി കാത്തു നില്‍ക്കുന്നതിലര്‍‍ത്ഥമില്ല.'
അര്‍ത്ഥമില്ലാത്ത കാത്തിരുപ്പ്.
ഒരര്‍ത്ഥത്തില്‍ കാത്തിരുപ്പിന്റെ വിജയം അതിന്റെ പരിസമാപ്ത്തി ശുഭമാവുമ്പോള്‍ മാത്രമാണ്.
വ്യര്‍ത്ഥമായ കാത്തിരുപ്പിനോടുവില്‍ നീ തിരഞ്ഞെടുത്ത വഴി തന്നെയാണു ശരി.  നമ്മള്‍ തമ്മില്‍ രണ്ടു ചക്രവാളങ്ങള്‍ക്കിടയിലുള്ളത്ര ദൂരമുണ്ടായിരുന്നു.  എന്നിലെ ഞാനും നിന്നിലെ ഞാനും ലോകത്തിന്റെ രണ്ടറ്റങ്ങളില്‍ ജീവിക്കുന്ന അപരിചിതരായിരുന്നു.  വിരല്‍ കോര്‍ത്തു നടന്നപ്പോഴൊക്കെ എനിക്കത് മനസിലാവുന്നുണ്ടായിരുന്നു.  നീയതറിയുന്ന കാലം, നിന്റെ കാത്തിരുപ്പിന്റെ അവസാനമെന്തായിരുന്നെന്ന് നിനക്ക് മനസിലാവും.  ഒരു യാത്രാമൊഴിയോ ഒരു തുള്ളി കണ്ണുനീരോ അതിന്റെ അര്‍ഥങ്ങള്‍ മാറ്റുന്നില്ല..

'നിങ്ങളീ നാട്ടുകാരനല്ലേ? ആ ബസ്സ്‌ സ്റ്റോപ്പില്‍ ഒരു ചായക്കടയില്ലേ?'
'ഉണ്ട്'
'അതിന്റെ വലത്തേ സൈഡിലായി താഴേക്ക്‌ ഒരിടവഴിയില്ലേ?'
'ഉണ്ട്'
'എനിക്കതറിയാം, ഞാനിവിടെ ആദ്യമായിരുന്നിട്ടു കൂടി.'
'എങ്ങിനെ?'
ഓഫീസില്‍ നിന്നും വൈകിയിറങ്ങിയ ഒരു രാത്രിയിലാണ് അവള്‍ ആദ്യമായി വന്നത്.  ഏകദേശം മുഴുവനും വിജനമായ റോഡും, റോഡിനൊരു വശത്ത് മതില്‍ കെട്ടി തിരിച്ച കൃഷിതോട്ടവും. മറുവശത്ത് ഉരുളന്‍ പാറക്കല്ലുകള്‍  നിറഞ്ഞ് തരിശായിക്കിടക്കുന്ന ഭൂമിയും മാത്രം.  നിലാവു വഴികാട്ടി മുന്നില്‍ നടന്നു.
ആ റോഡിലാണ് അവള്‍ നിന്നിരുന്നത്.  ചന്ദനനിറമുള്ള പട്ടുപാവാടയുമുടുത്തുകൊണ്ട്.
അവളാണ് പറഞ്ഞത്, ചുരത്തിലെ ഒമ്പതാമത്തെ വളവും, അതിനടുത്തുള്ള ഇലഞ്ഞിമരവും.
അതു പറഞ്ഞതിന് ശേഷം അവള്‍ എപ്പോഴാണ് പോയ്മറഞ്ഞത്‌?
ഓര്‍മ്മ വരുമ്പോള്‍ ആശുപത്രിയിലായിരുന്നു. കാലില്‍ പ്ലാസ്റ്ററിട്ടിരുന്നു.  നെറ്റിയുടെ വലതുവശത്ത്  വേദനിക്കുന്നുണ്ടായിരുന്നു.

അയാള്‍ കണ്ണടക്കാരനെ നോക്കി.
പിന്നെ ഒന്നും പറയാതെ തിരിഞ്ഞ് ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു.
എട്ടാമത്തെ വളവും കഴിഞ്ഞ് ബസ്സ്‌ മുന്നോട്ടു പോയികൊണ്ടിരുന്നു.
മൂളിപ്പാട്ടും പാടി കണ്ടക്റ്റര്‍ ടിക്കറ്റു കൊടുത്തുകൊണ്ട് പുറകിലെ സീറ്റിനടുത്തേക്ക്‌ നടന്നുപോയി.
കണ്ണടക്കാരന്‍ ഉച്ചയ്ക്ക് ശേഷം ലീവ് എടുക്കുന്നതിനെപ്പറ്റിയും സിനിമയ്ക്ക് പോവുന്നതിനെപ്പറ്റിയും ആലോചിച്ചിരുന്നു.
വലതു വശത്തെ സീറ്റിലിരുന്ന നീല രോമങ്ങളുള്ള വെളുത്ത കൈതണ്ടയുള്ള പെണ്‍കുട്ടി അതെ മ്ലാനഭാവത്തോടെ ബസ്സിനു പുറത്തേക്കു നോക്കിയിരുന്നു.
ഒമ്പതാമത്തെ ഹെയര്‍പ്പിന്‍ വളവു വളയ്ക്കാന്‍ ശ്രമിച്ച ബസ്സ്‌ ഡ്രൈവര്‍, കണ്ട്രോള്‍ പോയി പുറകോട്ടുനീങ്ങിക്കൊണ്ടിരുന്ന ബസ്സിനെ നിയന്ത്രിക്കാന്‍ പാടുപെട്ടു..
താഴ്ചയിലേക്ക് പതിച്ച ആര്‍ത്തനാദത്തിനിടയ്ക്ക് ഗൌതമന്‍ കണ്ണടക്കാരനെയും നീല രോമങ്ങളുള്ള വെളുത്ത കൈതണ്ടയുള്ള പെണ്‍കുട്ടിയെയും തിരഞ്ഞു.
ഒമ്പതാമത്തെ വളവിനു മപ്പുറത്തെ ബസ്സ്‌സ്റ്റൊപ്പിനടുത്തുള്ള ഇലഞ്ഞിമരത്തില്‍ കാറ്റുവീശി.

പൂവുകള്‍ അടര്‍ന്നു വീണുകൊണ്ടിരുന്നു.


Sunday, August 8, 2010

ചിത്രങ്ങള്‍ക്കുള്ളില്‍ തടവിലാകുന്നവര്‍


ഇടയന്മാരുടെ കുന്നിറങ്ങിവരുന്ന കാറ്റ് ശവകുടീരങ്ങളുടെ മിനാരങ്ങളെ ചുറ്റി ഒഴുകിവന്നു. വെള്ള മാര്‍ബിള്‍ കല്ലിന്റെ തണുപ്പ് കവിളിലുരസി പോകുന്നു. കിടപ്പുമുറിയുടെ തുറന്നു കിടന്ന ജന്നാലയിലൂടെ അവന്‍ പുറത്തേക്കു നോക്കി നിന്നു.

'സുല്‍ത്താന്‍മാരുടെ ശവകുടീരത്തിനു മുകളില്‍ ചെകുത്താന്റെ മണിയറ - എന്നല്ലേ നീയിപ്പം ഓര്‍ത്തെ?' പിന്നില്‍ നിന്നും അനു.

'മുകളിലായിരുന്നില്ല.. അവര്‍ക്കൊക്കെയുള്ളില്‍ തന്നെയായിരുന്നു സാത്താന്റെ മണിയറ, ചിലരുടെയൊക്കെയുള്ളില്‍!..'

തലമുറകളുടെ രക്തം പുരണ്ട് വിളറി വെളുത്തു നില്‍ക്കുന്ന ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌. കോട്ടയുടെ അകത്തളത്തില്‍നിന്നും മുഴങ്ങിക്കേട്ട ശബ്ദങ്ങള്‍, അട്ടഹാസങ്ങള്‍, ജയഭേരികള്‍, വാള്‍ത്തലപ്പിന്റെ ശീല്‍ക്കാരങ്ങള്‍, അവയ്ക്കിടയിലെ അടക്കിപ്പിടിച്ച തേങ്ങലുകള്‍.

നിദ്രയുടെ ഏതോയാമങ്ങളിലെവിടെയോ, നീട്ടിപ്പിടിച്ച വാളിന്‍ തുമ്പിലെ തിളങ്ങുന്ന രക്തത്തുള്ളികള്‍ കണ്ടു അനു ഞെട്ടിയുണര്‍ന്നു.

'ഈ നഗരമെന്നെ വീര്‍പ്പുമുട്ടിക്കുന്നു, അപരിചിതര്‍ മാത്രമുള്ള ലോകം'

'അപരിചിതം എന്നൊന്നില്ല.. എല്ലാം നമുക്ക് പരിചിതമായിരുന്നു, അല്ലെങ്കില്‍ പരിചയപ്പെടാന്‍ പോകുന്നത്, ഏറെ പഴകുമ്പോള്‍ അപരിചിതത്വവും പരിചിതമായിത്തീരും.. അപരിചിതത്തിന്റെ നടുവിലെക്കല്ലേ നമ്മളെല്ലാവരും പിറന്നു വീഴുന്നത് തന്നെ'..

'നിനക്കറിയില്ല, പരിചയപ്പെടാന്‍ വരുന്നവരുടെ കണ്ണിലെ പുച്ഛഭാവം ഞാന്‍ മാത്രമേ കാണാറുള്ളൂ.. ഒന്നുമറിയാത്ത തനി നാട്ടിന്‍പുറത്തുകാരിയോടുള്ള പുച്ഛം'

'അതു നിനക്കു തോന്നുന്നതാ.. നിനക്കറിയ്യോ, ചരിത്രം ഹൈദരാബാദിന് പേരു നല്‍കിയതുതന്നെ ഒരു തനി നാട്ടിന്‍പുറത്തുകാരിയില്‍നിന്നാണ്‌..
ഇനി ഈ പേരു മാറ്റി നിന്റെ പെരിടട്ടെ??

'അയ്യട.. അതിനു നീയിവിടത്തെ സുല്‍ത്താനൊന്നുമല്ലല്ലോ..'

'പക്ഷെ, നീയാ കഥയിലെ പോലെത്തന്നെ ഒരു പൊട്ടിപെണ്ണല്ലേ!!!'
വര്‍ ചിരിച്ചു..

മുസിനദി നീന്തിക്കടന്നെത്തുന്ന പ്രിയതമനെ കാത്ത് ഭാഗ്മതി അക്കരെ കാത്തിരുന്നു.
രാവിന്‍ ഇരുട്ടിലേക്കു വാരിവിതറിയ പളുങ്കുമണികളെ പോലെ രാത്രിനഗരം തിളങ്ങി നിന്നു.
പ്രണയിനിക്കായി പേരു മാറ്റപ്പെട്ട നഗരം, ആദ്യം ഭാഗ്യനഗറായും പിന്നെ ഹൈദരാബാദായും.

ചന്ദ്രതാരകള്‍ക്കിടയിലെവിടെയോ ഭാഗ്മതി അഥവാ ഹൈദര്‍മഹല്‍ ഇന്നും പുഞ്ചിരിച്ചു നിന്നു.


***

ഇടയപെണ്‍കൊടിയെയും ദേവദാസിയേയും പ്രണയിച്ച സുല്‍ത്താന്മാരുടെ ചരിത്രമുറങ്ങുന്ന മണ്ണ്. പ്രണയത്തിന്റെ വ്യതിരിക്ത ഭാവങ്ങളുടെ തീവ്വ്രത കുന്നിറങ്ങി വരുന്ന കാറ്റ് അനുവിന്റെ ചെവിയില്‍ മന്ത്രിച്ചു. ചരിത്രത്തിന് അവള്‍ക്കിഷ്ടപ്പെട്ട നിറം തന്നെ!!
ചായം മുക്കിയ ബ്രഷ് അവള്‍ ക്യാന്‍വാസിനു നേരെ വീശി. മഷിത്തുള്ളികള്‍ അങ്ങിങ്ങു വീണു പടര്‍ന്നു പിടിക്കാന്‍ തുടങ്ങുന്നു, പ്രണയം പടര്‍ന്നു പിടിക്കുന്നപോലെ...

'ഇതു നോക്ക്യേ..
പകല്‍ ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോ ഒരു ടൈംപാസിനു വേണ്ടി..'
അവള്‍ ബോര്‍ഡില്‍ തൂക്കിയിട്ട ക്യാന്‍വാസിലെക്കു ചൂണ്ടി..

മഷിക്കൂട്ടുകള്‍ കൊണ്ട് ഗോല്‍ക്കൊണ്ട ഫോര്‍ട്ടും കുന്നും പശ്ചാത്തലമായി വരച്ചു വച്ചിരിക്കുന്നു.

'മുഴുവനായിട്ടില്ല്യാ.. ഇനിയും..'

ക്യാന്‍വാസിന്റെ പകുതിയില്‍ ബ്രഷിന്റെ തലപ്പു കൊണ്ട് കോറിയിട്ടിരിക്കുന്ന മുഴുവനാക്കാത്ത രേഖകള്‍..

***

രാത്രിയിലേക്ക്‌ പെയ്തുവീഴുന്ന മഴയുടെ സംഗീതം പോലെ സിതാറിന്റെ നാദം.
അകലെ, സത്രത്തിലെ ഗാനമന്ദിരത്തിന്റെ വെണ്ണക്കല്‍ തൂണു ചാരിയിരുന്നുകൊണ്ട് സന്ധ്യയിലേക്കലിഞ്ഞു ചേര്‍ന്നുകൊണ്ട് സിതാറുമീട്ടി, മതിമറന്നു പാടിക്കൊണ്ടിരിക്കുന്താരാമതി. നക്ഷത്രങ്ങളിമചിമ്മാതെ അവളുടെ പാട്ടു കാതോര്‍ത്തുനിന്നു. അവളുടെ സ്വനവീചികള്‍ സിത്താറിന്നീണത്തിനോപ്പോം നാഴികകള്‍ക്കകലെ ഗോല്‍ക്കൊണ്ട കൊട്ടാരത്തിന്റെ മട്ടുപ്പാവിലേക്ക് ഒഴുകിയെത്തി. മട്ടുപ്പാവിലേക്ക്‌ നീര്‍ത്തിയിട്ട സന്ധ്യാംബരത്തിന്റെ തിരശ്ശീല നീക്കി ഗോല്‍ക്കൊണ്ട ഭരിക്കുന്ന ഖുതബ് ഷാഹി രാജവംശത്തിലെ ഏഴാമത്തെ സുല്‍ത്താന്‍ നിന്നു.
മഴവില്ലു ചിത്രം വരച്ചതു പോലെ അങ്ങകലെ താരാമതി പുഞ്ചിരിച്ചു നിന്നു.
താരാമതിയുടെ സംഗീതം കാലാതിവര്‍ത്തിയായി നിന്നു. മഴയുടെ ചിലമ്പോച്ചകള്‍ക്കിടയിലൂടെ ആ സംഗീതം അനുഭവവേദ്യമാകുന്നുണ്ട്. മഴയും മിത്തും ഒന്നുചേര്‍ന്നു പാടുന്ന രാഗം.

അനു കാതോര്‍ത്തു കൊണ്ട് എണീറ്റിരുന്നു. അടച്ചിട്ടിരുന്ന വാതില്‍ അവള്‍ ഇരുളിലെ മഴയിലേക്കു തുറന്നു.
സിത്താറിന്നീണം മുറിയിലാകെ നിറഞ്ഞു..

'എനിക്കാ സിത്താറിന്റെ തന്ത്രികളാവാന്‍ മോഹമാവുന്നു.. ഒരുപാടു സംഗീതം പൊഴിച്ച് ഒടുവിലൊരുനാള്‍ ഉച്ചസ്ഥായിയിലൊരു ശബ്ദമുണ്ടാക്കി പൊട്ടിത്തെറിച്ച് ഇല്ലാതാവാന്‍ മോഹം'
അവള്‍ അവന്റെ കയ്യില്‍ ചുറ്റിപ്പിടിച്ച് തോളില്‍ തലചായ്ച്ചു വച്ചു കൊണ്ടുപറഞ്ഞു.
അവള്‍ സാന്ദ്രമായി മഴയുടെ സംഗീതത്തില്‍ നനഞ്ഞുനിന്നു.
മഴ പെയ്തു നിറഞ്ഞു...
താരാമതിയുടെ വിരലുകള്‍ സിത്താറില്‍നിന്നും സംഗീതംപൊഴിച്ചു കൊണ്ടിരുന്നു.
അവളുടെ തിളങ്ങുന്ന ഉടയാടകളില്‍ത്തട്ടി മിന്നലിന്റെ വെളിച്ചം മട്ടുപ്പവിലുമെത്തി.
ഴനാരുകളെ താലോലിച്ചുകൊണ്ട് രാജകുമാരന്‍ മട്ടുപ്പാവില്‍ നിന്നു.

***

അപരിചിതരുടെ ഇടയില്‍പ്പെട്ടവന്റെ കണ്ണുകളിലെ ഭയത്തിന്റെ ചോരപ്പാടുകള്‍ പോലെ ചുവന്ന മഷി മാര്‍ബിള്‍ തറയിലൂടെ ഒലിക്കുന്നതാണ് അന്ന് അയാള്‍ വന്നപ്പോള്‍ കണ്ടത്.
അവള്‍ ഇടത്തേ കയ്യിലെ അഞ്ചു വിരലുകള്‍ അഞ്ചു നിറങ്ങളില്‍ മുക്കി ക്യാന്‍വാസിലേക്ക്‌ അമര്‍ത്തിതേച്ചുപ്പിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്..
ള്ളവിരലിന്റെ കൂര്‍ത്ത നഖം കൊണ്ട് അവള്‍ ചിത്രത്തിലിരുന്നു പാടുന്ന പെണ്‍കുട്ടിയുടെ കടക്കണ്ണുകള്‍ വരച്ചു.

'ചിത്രകാരിയുടെ വാക്കുകളാണ് ഓരോ ചിത്രങ്ങളും ജീവനിലൊരു പങ്കു നല്‍കിയാണ്‌ ഓരോ ചിത്രങ്ങളും പൂര്‍ത്തിയാക്കുന്നത്'
മുഖത്തേക്കുവീണ മുടിയിഴകള്‍ ഒതുക്കി വച്ചുകൊണ്ട് അവള്‍ പറഞ്ഞു.

നിറങ്ങള്‍ ക്യാന്‍വാസില്‍ മാത്രമല്ല.. അവളുടെ മുഖത്തും ദേഹത്തുമുണ്ടായിരുന്നു. ദേഹമാസകലം ചായം പുരണ്ടു നില്‍ക്കുന്നവള്‍.

പാടിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ കണ്ണുകളെ ചൂടി അവന്‍ പറഞ്ഞു.
'അവളുടെ കണ്ണുകളുടെ ആഴങ്ങളിലെവിടെയോ ശോകത്തിന്റെ നേര്‍ത്ത ലാഞ്ജനയുണ്ട്, എന്തേ?'

'ചിത്രങ്ങള്‍ കാരാഗൃഹങ്ങളാണ്.. എന്നെന്നേക്കുമായി ക്യാന്‍വാസില്‍ ബന്ധിപ്പിക്കപെട്ടവരാണ് ചിത്രങ്ങളിലെ ഓരോ ക്യാരക്ടറുകളും, ഒരു പക്ഷെ അതാകാം'..

***

അവള്‍ ക്യാന്‍വാസിനെ കറുത്ത തുണികൊണ്ടു മൂടിയിട്ടു.
'നിറങ്ങള്‍ ഒഴുകി പോവാതിരിക്കാനാണ്'..

***

അന്ന് വൈകീട്ട് അവന്‍ വന്നു വാതില്‍ തുറക്കുമ്പോള്‍ അവള്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കുകയായിരുന്നു. കണ്ണുകളില്‍ ലാസ്യം നിറച്ച് അലപത്മമുദ്ര വിരലുകളില്‍ വിരിയിച്ച് അവള്‍ നിന്നു.

'എനിക്കൊരു നര്‍ത്തകിയാകണം'

'നര്‍ത്തകിയോ, നൃത്തമോ? ഇപ്പോഴെന്തിന്?'

അവള്‍ ബോര്‍ഡിലെ കറുത്ത തുണി എടുത്തു മാറ്റി വരച്ചു തീര്‍ത്ത ചിത്രം കാണിച്ചു.
വെണ്ണക്കല്‍തൂണില്‍ ചാരിയിരുന്നു സിത്താറുമീട്ടിപ്പാടുന്ന പെണ്‍കുട്ടി, പശ്ചാത്തലത്തില്‍ കുന്നിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കോട്ടയും.

'എനിക്കാ പാട്ടിനോത്തു നൃത്തം ചെയ്യണം'

അവള്‍ പാകമെത്തിയൊരു കോറിയോഗ്രാഫറെപ്പോലെ നൃത്തത്തിന്റെ ചടുലതാളത്തെപ്പറ്റിയും ലാസ്യഭാവങ്ങളെപ്പറ്റിയും പറഞ്ഞു.
അവള്‍ മറ്റേതോ ലോകത്തെത്തിയപോലെ തോന്നിച്ചു.
അഭൌമമായൊരു നനുത്ത സംഗീതം അവിടമാകെ നിറയുന്നതുപോലെ അവനു തോന്നി.

****

കാലുകളിളകുമ്പോള്‍ എന്തോ കിലുങ്ങുന്ന ശബ്ദം കേട്ടുകൊണ്ടാണ് അവള്‍ ഉറക്കത്തില്‍ നിന്നെണീറ്റത്.
അവള്‍ എണീറ്റിരുന്നു.
നടന്നു നോക്കി..
ചിലങ്ക.. ചിലങ്കയുടെ ശബ്ദം!!
രാത്രിമഴ സിത്താറുമീട്ടിപ്പാടി..
അറിയാത്ത രാഗങ്ങള്‍ കേട്ടവള്‍ കൊരിത്തരിച്ചിരുന്നു.

****

പിറ്റേന്നു പുലരിയിലേക്ക് ഉണര്‍ന്നെണീക്കുമ്പോള്‍ അവള്‍ അവനടുത്തില്ലായിരുന്നു.
ബ്രഷുകളും ചായക്കൂട്ടുകളും ചിതറിക്കിടന്ന തറയുടെ നടുവിലെ ബോര്‍ഡില്‍ ക്യാന്‍വാസ് തൂങ്ങിക്കിടന്നു.
ചിത്രത്തിലിപ്പോള്‍ സിത്താറുമീട്ടിപ്പാടുന്ന പെണ്‍കുട്ടിക്കരികില്‍ താളത്തിനൊപ്പം നൃത്തം ചവിട്ടുന്ന മറ്റൊരു പെണ്‍കുട്ടികൂടിയുണ്ട്..



---------------------------------------------------------------------------------------------------

1. http://en.wikipedia.org/wiki/Golkonda
2. http://en.wikipedia.org/wiki/Qutb_Shahi_Tombs
3. http://en.wikipedia.org/wiki/Musi_River_(India)
4. http://en.wikipedia.org/wiki/History_of_Hyderabad,_India#Founding
5. http://en.wikipedia.org/wiki/Taramati_Baradari
6. http://timesofindia.indiatimes.com/city/hyderabad/Doorway-to-culture-in-the-name-of-Taramati/articleshow/387074.cms?referral=PM

Thursday, July 29, 2010

ഒരു മഞ്ഞുകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്‌...


ചാറ്റ് വിന്‍ഡോയിലേക്ക് പൊഴിഞ്ഞു വീഴുന്ന കുനുകുനുത്ത അക്ഷരക്കൂട്ടം..
ആരാണിവള്‍?
എങ്ങിനെയാനിവള്‍ക്ക് ഞാന്‍ പോലും മറന്നു പോയ എന്‍റെ ഓര്‍മ്മകള്‍ അറിയുന്നത്?
'ഇത് ഞാനാ.. ചാരു.. മറന്നുപോയോ? ഓര്‍ത്തു നോക്കു..'

മരുഭൂമിയിലെ ജീവിതത്തിന്റെ ഏകാന്തതകളുടെ ഇടവേളകളില്‍ ചിലപ്പോഴോക്കെയാണ് അയാള്‍ IM - ല്‍ ലോഗിന്‍ ചെയ്യാറുള്ളത്....
അന്ന് ലോഗിന്‍ ചെയ്തപ്പോള്‍ ഒരു ഫ്രെന്റ് റിക്വസ്റ്റ് വന്നു കിടക്കുന്നു. chaarumukhi@<...>.com ആക്സെപ്റ്റ് ചെയ്തപ്പോള്‍ ബഡ്ഡി ലിസ്റ്റില്‍ പച്ച നിറത്തില്‍ പ്രസെന്‍സ് തെളിഞ്ഞു വന്നു. കൂടെ IM - വിന്‍ഡോയും പോപ്‌ അപ് ആയി വന്നു.
'ഏകാന്തതയുടെ കൂട്ടുകാരാ.. നിനക്കു വന്ദനം..'
ആരാണിവള്‍? ചാരുമുഖി?
'ക്ഷമിക്കണം.. നിങ്ങളാരാണെന്നു പറയൂ..'
'എനിക്കു നിന്നെ അറിയാം.. നിനക്കെന്നെയും...
ഓര്‍ത്തു നോക്കു..'
'ഇല്ല ഓര്‍മ്മകളിലെവിടെയും ഇല്ല.. അല്ലെങ്കില്‍ ഓര്‍മ്മകളൊന്നുമില്ല.'
മറന്നു പോയോ?
മറവി.. ഓര്‍ക്കാന്‍ ഇഷ്ടപെടുനതോന്നും ഓര്‍മ്മയിലില്ല.. പിന്നെ ഓര്‍ക്കുന്നതെന്തിന്?

'ഓര്‍മ്മകളൊന്നുമില്ല. ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നതോന്നും ഓര്‍മ്മകളിലില്ല..'
'അങ്ങിനെയല്ല.. കുട്ടിക്കാലത്തെ കുറിച്ചോര്‍ക്കാന്‍ എല്ലാവര്ക്കും ഇഷ്ടമല്ലേ?
ഞാനെന്നും സ്വപ്നം കാണാറുണ്ട്‌.. വീണ്ടുമൊരു കുട്ടിക്കാലം..
ഓര്‍ത്തുനോക്കു..ഓരോന്നായി..
ഓര്‍മ്മയുണ്ടോ ചേച്ചിയുടെ പാവാടത്തുമ്പു പിടിച്ചു ഒന്നാം ക്ലാസില്‍ പോയ ആദ്യത്തെ ദിവസം?'

വിസ്മൃതിയിലെവിടെയോ മാറാലപിടിച്ചു കിടക്കുന്നുണ്ട്..സ്കൂളിലെ ആദ്യത്തെ ദിവസം.. സ്കൂള്‍ വീടിനടുത്തായതു കൊണ്ട് ടീച്ചര്മാരെയെല്ലാം ആദ്യമേ പരിചയമുണ്ട്.. എന്നാലും ആദ്യത്തെ ദിവസത്തെ പരിഭ്രമമുണ്ടായിരികും.. കരഞ്ഞിരുന്നോ? ഓര്‍മ്മയില്ല..
പക്ഷെ അന്ന് ചേച്ചിയുടെ കയ്യുപിടിച് ഏറ്റവും പിന്നിലെ ബെഞ്ചിലാണ് ഇരുന്നത്. രക്ഷിതാക്കളെല്ലാം ക്ലാസിന്റെ പിന്നിലാണ് നിന്നിരുന്നത്..

'ഓര്‍ത്തു നോക്കൂ.. പാടവരമ്പിലൂടെ നടന്നു കാവില്‍ പോയിരുന്നത്, കാവിലെ ആല്‍മരത്തിന്റെ വള്ളികളില്‍ ഊഞ്ഞാലാടിയിരുന്നത്..ഓണക്കാലത്ത് പടിഞ്ഞാറേ പറമ്പില്‍ പൂപ്പറിക്കാന്‍ പോയപ്പോള്‍ ഭ്രാന്തന്‍ കണാരന്റെ
മുന്നില്‍പ്പെട്ടത്! പിന്നെ അയാള്‍ കാട്ടുപോന്തയില്‍ നിന്നെല്ലാം പൂപറിച്ച്‌ തന്നത്! നിനക്കോര്‍മ്മയില്ലേ അവിടത്തെ തെച്ചിപ്പഴങ്ങള്‍? അതിനെന്തു മധുരമാണെന്നൊ! നാവില്‍ വെയ്ക്കുമ്പോള്‍ തന്നെ അലിഞ്ഞു പോകുന്നത്ര മൃദുലവും..’

ഇവളാരാണ്? എന്തിനു ഇതെല്ലം ഓര്‍മ്മിപ്പിക്കുന്നു?
'നീയാരാണെന്നു പറയൂ..'
'പിന്നെപ്പറയാം.. സസ്പെന്‍സ് ആയിരിക്കട്ടെ...
I m going now.. gotta catch ma bus at 6pm'

വിസ്മൃതിയുടെ ഇരുളിലേക്ക് നിലാവിന്റെ ഒരു പരവതാനി വിരിച്ചിട്ടിട്ടു അവള്‍ പോയി.. ഓര്‍മ്മയുടെ പൂക്കള്‍ മുന്നിലേക്ക്‌ നുള്ളിയിടാനായി അവള്‍ പിന്നെയും ഇടയ്ക്കിടയ്ക്ക് വന്നുകൊണ്ടിരുന്നു..

കുട്ടിക്കാലത്തെ ചിത്രങ്ങളിലൊന്നും എങ്ങനെ ഒരു പേരില്ല.. പേരില്ലാത്ത ഒരു മുഖവും ഓര്‍മ്മയിലില്ല..
പിന്നെയാര്?
'ഇല്ല.. കുട്ടിക്കാലത്തിലേക്ക് ഓര്‍ക്കാന്‍ ശ്രമിക്കെണ്ടാ.. അവിടെയൊന്നും ഞാനില്ലായിരുന്നു..'
'പക്ഷെ നീയെങ്ങിനെ അതെല്ലാം വ്യക്തമായി അറിയുന്നു?'
'അത് നീ പറഞ്ഞു തന്ന കഥകള്‍ തന്നെയാണ്.. നിനക്കന്നു നല്ല ഓര്‍മ്മശക്തിയായിരുന്നു..ഓരോ സംഭവങ്ങളും വള്ളിപുള്ളി വിടാതെ പറഞ്ഞിരുന്നു, പലപ്പോഴും സംഭാഷണങ്ങള്‍ പോലും ഓര്‍ത്തു വച്ച്..
ഈയിടെയായി മറവി കൂടുതലാണ് അല്ലെ?'


'നീ വരുവോളം മിഴിപൂട്ടാതെ കാത്തിരിക്കും ഞാന്‍..
മഞ്ഞു പുതപ്പിനടിയില്‍ മഞ്ഞള്‍പ്പൊടി വീശിയെറിഞ്ഞതുപോലെ പൂത്തുനിന്ന അക്കേഷ്യമരങ്ങള്‍ക്കിടയില്‍..
ഓര്‍മ്മയുണ്ടോ അന്നത്തെ മഞ്ഞുകാലം?'
അന്നു ലോഗിന്‍ ചെയ്തപ്പോള്‍ ഐഡില്‍ ആയിക്കിടക്കുന്ന അവളുടെ സ്റ്റാറ്റസ് മെസ്സേജ്!
അക്കേഷ്യ മരങ്ങളുടെ ഇടയിലെ കോടമഞ്ഞില്‍ നിന്നും കയറിവരുന്ന പെണ്‍കുട്ടി..
'ചാരൂ..'
'Yes.. finally you remember now!!'
'yes.. :-)'


'ഓര്‍മ്മയുണ്ടോ അന്നു നീ പോയത്?
ഒരിക്കല്‍ക്കൂടി കാണുമോ എന്നു പോലും നീ ചോദിച്ചില്ല..'
'കാണുമെന്നതിന് ഒരുറപ്പുമില്ലയിരുന്നു.. പിന്നെന്തിനാ ചോദിക്കുന്നെ?'
റോഡരികില്‍ നിന്നിരുന്ന പുല്തലപ്പുകളിലൊന്ന് ഒടിച്ചെടുത്ത്
'ഇതു മതി.. ഈ മഞ്ഞുകാലത്തിന്റെ ഓര്‍മ്മയ്ക്ക്‌.!!'
എന്നു പറയുമ്പോള്‍ അവള്‍ അകലെ നീലമലകളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു..
നീലമലകളുടെ നെറുകയിലുമ്മവച്ചുനില്‍ക്കുന്ന മേഘങ്ങള്‍..
അവന്‍ തിരിഞ്ഞു നടന്നു..
അവനു പിന്നില്‍ അവള്‍ കണ്ണീര്‍ പൊഴിച്ചിരിക്കയാവാം..
അല്ലെങ്കില്‍ നിര്‍വ്വികാരതയോടെ നോക്കിനില്‍ക്കയാവാം..

പിന്നീടെപ്പോഴോ തിരിഞ്ഞു നോക്കിയപ്പോള്‍ വഴി വിജനമായിരുന്നു..മഞ്ഞും മരങ്ങളും മാഞ്ഞുപോയിരുന്നു..
വിസ്മൃതിയിലേക്ക് വീണുമരിച്ച പാതയുടെ അറ്റത്ത് അയാള്‍ ഒറ്റയ്ക്കായിരിക്കുന്നു..
'എവിടെയാണ് നീയിപ്പോള്‍? അയാള്‍ക്ക്‌ ചോദിക്കാതിരിക്കാനായില്ല..
'ഞാന്‍ അടുത്ത് തന്നെയുണ്ട്..
നീയല്ലേ എന്നും അകലെയായിരുന്നത്!

ഓര്‍മ്മയിലേക്ക് പെയ്തു വീഴുന്ന ലെക്ചര്‍ ക്ലാസുകള്‍..ലൈബ്രറിയിലെ നിശബ്ദത..
വരാന്തയുടെ അങ്ങേ അറ്റത്തുനിന്നുമുയരുന്ന മുദ്രാവാക്ക്യങ്ങളുടെ മുഴക്കത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പത്തുമണിപ്പൂക്കള്‍..
മഴയുടെ തുടക്കം പോലെ പെയ്തു നിറയുന്ന മുദ്രാവാക്ക്യംവിളി..
ഒടുവില്‍ മഴ പെയ്തോഴിയുന്നതുപോലെ ബെല്ലുമുഴങ്ങും..

ആകാശത്ത് പരന്നു കിടന്ന മേഘങ്ങളെടുത്ത് നീലമലകളുടെ നെറുകയിലെക്കൊഴിച്ച പോലെ അത് താഴ്വരകളിലൂടെ മഞ്ഞായി പടര്‍ന്നു പിടിക്കുന്നു..
മഞ്ഞായിരിക്കുമ്പോള്‍ മഴയായ് പെയ്തു നിറയാനും..മഴയായിരിക്കുമ്പോള്‍ മഞ്ഞായ്‌ പടര്‍ന്നു പിടിക്കാനും കൊതിച്ച അവര്‍ അക്കേഷ്യ മരങ്ങള്‍ക്കിടയിലെ ഏകാന്തതയിലെ മര്‍മരത്തില്‍ കൈകോര്‍ത്ത്‌ പിടിച്ചു നടന്നു..

പറയാന്‍ വന്നതെന്തോ മറന്നു നില്‍ക്കുന്ന മരങ്ങളുടെ നിഴലുകള്‍ക്കിടയിലൂടെ ഇളം കാറ്റ് വട്ടമിട്ടു പറന്നു.
അടര്‍ന്നു വീണ ഇലകള്‍ കരിയിലകളായി..
'എന്തേ നീയീ സന്ധ്യാംബരം പോലെ വിഷാദമൂകനായി?'
ചുവന്നു തുടങ്ങിയ പടിഞ്ഞാറേ വാനം അവളുടെ കവിളില്‍ പ്രതിബിംബിച്ചു.
കൂടണയാന്‍ വെമ്പി പറന്നു പോകുന്ന പറവകള്‍.. പറവകള്‍ക്കു ദിശ കാണിച്ചു കാറ്റു വീശുന്നു.
കാറ്റു പോകുന്നിടത്തെക്ക് മേഘങ്ങള്‍ പറന്നു പോയിക്കൊണ്ടിരുന്നു.
'കയറി ചെല്ലാന്‍ ഒരിടമില്ലാത്തവര്‍ക്ക് ഈ ലോകത്ത് പോകാന്‍ എത്രയിടങ്ങളുണ്ട് അല്ലെ?
കാറ്റു പോകുന്നത് പോലെ, ചെന്ന് കയറുന്നിടമെല്ലാം ഓര്‍മ്മകള്‍ നിറച്ചു പറന്നങ്ങനെ നടക്കാം..'
'എന്തേയിപ്പോ?'
'ഒന്നും ശാശ്വതമല്ല..
ഗഗനം മഹാ വൃക്ഷം..
തവ ശിഖരമെന്‍ ജീവന്‍...
തരിക നീയെനിക്കൊരഭയം..'
അവന്‍ കൈകളുയര്‍ത്തി ആകാശത്തേക്ക് നോക്കി.
'തവ ചരണം മമ ജീവിതം'
അവന്‍ മുട്ടുകുത്തിനിന്നുകൊണ്ട് അവള്‍ക്കു നേരെ കൈനീട്ടി.
'പോടാ.' അവള്‍ കൈ തട്ടി മാറ്റികൊണ്ട് നടന്നു.

'നീയെന്താ അന്നു പറഞ്ഞെ? `ഭൂമിയില്‍ മഞ്ഞു പെയ്യുന്ന കാലത്തോളം സ്മൃതിപഥങ്ങളിലെന്നും ഈ കാല്‍പ്പാടു കാണും`- എന്ന് അല്ലെ? എന്നിട്ടിപ്പോ?'
'സ്മൃതിപഥങ്ങളില്‍നിന്നും മാഞ്ഞു പോയവയെ ഓര്‍മ്മിപ്പിക്കാന്‍ കാലം ഓരോന്ന് കരുതി വയ്ക്കും.. നീയതിനൊരു ദൃഷ്ടാന്തം മാത്രം'
'അത്രെയെയുള്ളൂ ഞാന്‍?'
..ആയിരുന്നില്ല... അതിനുമപ്പുറമേവിടെയോ..

ആ ഒരു മഞ്ഞുകാലം കഴിഞ്ഞതോടെ അവിടത്തെ പഠനം ഉപേക്ഷിച്ചു പോയി..
വെയിലുദിക്കുമ്പോള്‍ അപ്രത്യക്ഷമായി പോകുന്ന കോടമഞ്ഞുപോലെ
റബ്ബര്‍തോട്ടങ്ങളും കാടുപിടിച്ചു കിടന്ന അക്കേഷ്യ മരങ്ങളും അവയ്ക്കിടയിലൂടെയുള്ള റോഡും അതിനറ്റത്തെ മഞ്ഞകുമ്മായം പൂശിയ ആ ലോകവും മാഞ്ഞുപോയി..
വിധിയോടു പൊരുതി, നിലനില്‍പ്പിനായുള്ള പ്രയാണത്തില്‍ ഓര്‍മ്മയുടെ പുല്‍ക്കൊടി എവിടെയോ നഷ്ടപ്പെട്ടുപോയി..

ജന്നല്‍ചില്ലുകള്‍ക്കപ്പുറത്തുനിന്ന് നിലാവിന്റെ ഇത്തിരിനാളം റൂമിലേക്കു കയറിവരുന്നുണ്ട്..
താരകള്‍ കൂട്ടിനില്ലാതെ ഏകനായി നില്‍ക്കുന്ന ചന്ദ്രബിംബം..
ആഴക്കടലിലെവിടെയോ കപ്പിത്താനില്ലാതെ ഒഴുകിനടക്കുന്ന കപ്പലിനെ പോലെ.. തിരമാലകളില്‍ ഉഞ്ഞാലാടി അതു യാത്ര തുടര്‍ന്നു..
മാറിവരുന്ന ഋതുക്കളില്‍ കരയില്‍ പൂവിടുകയും, മഴപെയ്യുകയും, മഞ്ഞു വീഴുകയും, ചിലപ്പോഴൊക്കെ വറ്റിവരളുകയും ചെയ്തു..
ആകാശത്തിലെ നക്ഷത്രങ്ങള്‍ സമുദ്രത്തില്‍ പ്രതിബിംബിച്ചു..
താരകളെ നിങ്ങളെന്റെ മണ്‍ചിരാതു തിരികെ തരിക..
ഋതുഭേദങ്ങളറിയാതെ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു..

'ഋതുഭേദങ്ങളിലൂടെ കാലം പിന്നോട്ട് പോയിരുന്നെങ്കില്‍..'