Tuesday, July 26, 2011
കഥതുടരുമ്പോള്‍ മറന്നുപോകുന്ന കഥാപാത്രങ്ങളെക്കുറിച്ച്..
കഥപറഞ്ഞു പോകുമ്പോള്‍
എവിടെയോ ഒരിടത്തു വച്ചു മറന്നുപോകുന്ന
കഥാപാത്രങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ്
അവന്‍ കടന്നു വന്നത്..
വിസ്മൃതിയുടെ, മാറാലകെട്ടിയ ഛായാചിത്രത്തെ അനുസ്മരിപ്പിച്ച്
കാലത്തിനപ്പുറത്തേക്കുള്ള ചൂണ്ടുപലകയായ് അവന്‍ നിന്നു...
പലായനത്തിന്റെ ആദ്യ നാളുകളില്‍
കൂടെയുണ്ടായിരുന്നവരുടെ,
വെളുപ്പിന്റെയും കറുപ്പിന്റെയും ഇടയില്‍ നനവുവീണ്
ചുവന്ന കറപിടിച്ച ചിത്രം,
പൊടിപിടിച്ച ആല്‍ബത്തിന്റെ
ഇളകിയ പേജുകളിലെവിടെയോ
മരിച്ചു കിടന്നു.
കഥ പറഞ്ഞു പോകുമ്പോള്‍
വിസ്മൃതിയിലേക്ക് പോകാനുള്ളവര്‍ക്കുള്ള ഇടമായിരുന്നു അത്...
ഒരിക്കല്‍ കൈ പിടിച്ചു നടന്നവരൊക്കെ
അതിര്‍ത്തികള്‍ നിര്‍മ്മിച്ച്
ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് മാഞ്ഞു പോയപ്പോഴും
കൂടെയുണ്ടായിരുന്ന നിഴല്‍ ,
രുധിരരസം നുണഞ്ഞിറക്കി മൃത്യുപോയവഴിക്കു പിന്തിരിഞ്ഞ്,
പുലകുളിയും കഴിഞ്ഞ്,
പുഴയ്ക്കു പിണ്ഡം വച്ച്,
ബലിക്കാക്കകളെ വിളിച്ചു കൈകൊട്ടുന്നു...
കാഴ്ചകള്‍ മാഞ്ഞു തുടങ്ങിയിരുന്നു.
മാഞ്ഞു പോയവരുടെ കൂട്ടത്തിലേക്ക് പറന്നുവന്നവരില്‍ നിന്നും
അവന്‍ ചൂണ്ടിക്കാണിച്ചുതന്നു..
പാതിമാഞ്ഞതെങ്കിലും
തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ലാത്ത ചിത്രം..
അതിനെന്റെ ഛായതന്നെയായിരുന്നു..
കഥ തുടര്‍ന്നു പോകുമ്പോള്‍
കഥയും കഥാപാത്രങ്ങളും മറന്നുപോകുമെന്ന്
ഓര്‍മ്മിപ്പിക്കാനാണ് ബലിക്കാക്കകള്‍ വരുന്നത്...
Subscribe to:
Comments (Atom)