ചാറ്റ് വിന്‍ഡോയിലേക്ക് പൊഴിഞ്ഞു വീഴുന്ന കുനുകുനുത്ത അക്ഷരക്കൂട്ടം..
ആരാണിവള്‍?
എങ്ങിനെയാനിവള്‍ക്ക് ഞാന്‍ പോലും മറന്നു പോയ എന്‍റെ ഓര്‍മ്മകള്‍ അറിയുന്നത്?
'ഇത് ഞാനാ.. ചാരു.. മറന്നുപോയോ? ഓര്‍ത്തു നോക്കു..'
മരുഭൂമിയിലെ ജീവിതത്തിന്റെ ഏകാന്തതകളുടെ ഇടവേളകളില്‍ ചിലപ്പോഴോക്കെയാണ് അയാള്‍ IM - ല്‍ ലോഗിന്‍ ചെയ്യാറുള്ളത്....
അന്ന് ലോഗിന്‍ ചെയ്തപ്പോള്‍ ഒരു ഫ്രെന്റ് റിക്വസ്റ്റ് വന്നു കിടക്കുന്നു. chaarumukhi@<...>.com ആക്സെപ്റ്റ് ചെയ്തപ്പോള്‍ ബഡ്ഡി ലിസ്റ്റില്‍ പച്ച നിറത്തില്‍ പ്രസെന്‍സ് തെളിഞ്ഞു വന്നു. കൂടെ IM - വിന്‍ഡോയും പോപ് അപ് ആയി വന്നു.
'ഏകാന്തതയുടെ കൂട്ടുകാരാ.. നിനക്കു വന്ദനം..'
ആരാണിവള്‍? ചാരുമുഖി?
'ക്ഷമിക്കണം.. നിങ്ങളാരാണെന്നു പറയൂ..'
'എനിക്കു നിന്നെ അറിയാം.. നിനക്കെന്നെയും...
ഓര്‍ത്തു നോക്കു..'
'ഇല്ല ഓര്‍മ്മകളിലെവിടെയും ഇല്ല.. അല്ലെങ്കില്‍ ഓര്‍മ്മകളൊന്നുമില്ല.'
‘മറന്നു പോയോ?’
മറവി.. ഓര്‍ക്കാന്‍ ഇഷ്ടപെടുനതോന്നും ഓര്‍മ്മയിലില്ല.. പിന്നെ ഓര്‍ക്കുന്നതെന്തിന്?
'ഓര്‍മ്മകളൊന്നുമില്ല. ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നതോന്നും ഓര്‍മ്മകളിലില്ല..'
'അങ്ങിനെയല്ല.. കുട്ടിക്കാലത്തെ കുറിച്ചോര്‍ക്കാന്‍ എല്ലാവര്ക്കും ഇഷ്ടമല്ലേ?
ഞാനെന്നും സ്വപ്നം കാണാറുണ്ട്.. വീണ്ടുമൊരു കുട്ടിക്കാലം..
ഓര്‍ത്തുനോക്കു..ഓരോന്നായി..
ഓര്‍മ്മയുണ്ടോ ചേച്ചിയുടെ പാവാടത്തുമ്പു പിടിച്ചു ഒന്നാം ക്ലാസില്‍ പോയ ആദ്യത്തെ ദിവസം?'
വിസ്മൃതിയിലെവിടെയോ മാറാലപിടിച്ചു കിടക്കുന്നുണ്ട്..സ്കൂളിലെ ആദ്യത്തെ ദിവസം.. സ്കൂള്‍ വീടിനടുത്തായതു കൊണ്ട് ടീച്ചര്മാരെയെല്ലാം ആദ്യമേ പരിചയമുണ്ട്.. എന്നാലും ആദ്യത്തെ ദിവസത്തെ പരിഭ്രമമുണ്ടായിരികും.. കരഞ്ഞിരുന്നോ? ഓര്‍മ്മയില്ല..
പക്ഷെ അന്ന് ചേച്ചിയുടെ കയ്യുപിടിച് ഏറ്റവും പിന്നിലെ ബെഞ്ചിലാണ് ഇരുന്നത്. രക്ഷിതാക്കളെല്ലാം ക്ലാസിന്റെ പിന്നിലാണ് നിന്നിരുന്നത്..
'ഓര്‍ത്തു നോക്കൂ.. പാടവരമ്പിലൂടെ നടന്നു കാവില്‍ പോയിരുന്നത്, കാവിലെ ആല്‍മരത്തിന്റെ വള്ളികളില്‍ ഊഞ്ഞാലാടിയിരുന്നത്..ഓണക്കാലത്ത് പടിഞ്ഞാറേ പറമ്പില്‍ പൂപ്പറിക്കാന്‍ പോയപ്പോള്‍ ഭ്രാന്തന്‍ കണാരന്റെ
മുന്നില്‍പ്പെട്ടത്! പിന്നെ അയാള്‍ കാട്ടുപോന്തയില്‍ നിന്നെല്ലാം പൂപറിച്ച് തന്നത്! നിനക്കോര്‍മ്മയില്ലേ അവിടത്തെ തെച്ചിപ്പഴങ്ങള്‍? അതിനെന്തു മധുരമാണെന്നൊ! നാവില്‍ വെയ്ക്കുമ്പോള്‍ തന്നെ അലിഞ്ഞു പോകുന്നത്ര മൃദുലവും..’
ഇവളാരാണ്? എന്തിനു ഇതെല്ലം ഓര്‍മ്മിപ്പിക്കുന്നു?
'നീയാരാണെന്നു പറയൂ..'
'പിന്നെപ്പറയാം.. സസ്പെന്‍സ് ആയിരിക്കട്ടെ...
I m going now.. gotta catch ma bus at 6pm'
വിസ്മൃതിയുടെ ഇരുളിലേക്ക് നിലാവിന്റെ ഒരു പരവതാനി വിരിച്ചിട്ടിട്ടു അവള്‍ പോയി.. ഓര്‍മ്മയുടെ പൂക്കള്‍ മുന്നിലേക്ക് നുള്ളിയിടാനായി അവള്‍ പിന്നെയും ഇടയ്ക്കിടയ്ക്ക് വന്നുകൊണ്ടിരുന്നു..
കുട്ടിക്കാലത്തെ ചിത്രങ്ങളിലൊന്നും എങ്ങനെ ഒരു പേരില്ല.. പേരില്ലാത്ത ഒരു മുഖവും ഓര്‍മ്മയിലില്ല..
പിന്നെയാര്?
'ഇല്ല.. കുട്ടിക്കാലത്തിലേക്ക് ഓര്‍ക്കാന്‍ ശ്രമിക്കെണ്ടാ.. അവിടെയൊന്നും ഞാനില്ലായിരുന്നു..'
'പക്ഷെ നീയെങ്ങിനെ അതെല്ലാം വ്യക്തമായി അറിയുന്നു?'
'അത് നീ പറഞ്ഞു തന്ന കഥകള്‍ തന്നെയാണ്.. നിനക്കന്നു നല്ല ഓര്‍മ്മശക്തിയായിരുന്നു..ഓരോ സംഭവങ്ങളും വള്ളിപുള്ളി വിടാതെ പറഞ്ഞിരുന്നു, പലപ്പോഴും സംഭാഷണങ്ങള്‍ പോലും ഓര്‍ത്തു വച്ച്..
ഈയിടെയായി മറവി കൂടുതലാണ് അല്ലെ?'
'നീ വരുവോളം മിഴിപൂട്ടാതെ കാത്തിരിക്കും ഞാന്‍..
മഞ്ഞു പുതപ്പിനടിയില്‍ മഞ്ഞള്‍പ്പൊടി വീശിയെറിഞ്ഞതുപോലെ പൂത്തുനിന്ന അക്കേഷ്യമരങ്ങള്‍ക്കിടയില്‍..
ഓര്‍മ്മയുണ്ടോ അന്നത്തെ മഞ്ഞുകാലം?'
അന്നു ലോഗിന്‍ ചെയ്തപ്പോള്‍ ഐഡില്‍ ആയിക്കിടക്കുന്ന അവളുടെ സ്റ്റാറ്റസ് മെസ്സേജ്!
അക്കേഷ്യ മരങ്ങളുടെ ഇടയിലെ കോടമഞ്ഞില്‍ നിന്നും കയറിവരുന്ന പെണ്‍കുട്ടി..
'ചാരൂ..'
'Yes.. finally you remember now!!'
'yes.. :-)'
'ഓര്‍മ്മയുണ്ടോ അന്നു നീ പോയത്?
ഒരിക്കല്‍ക്കൂടി കാണുമോ എന്നു പോലും നീ ചോദിച്ചില്ല..'
'കാണുമെന്നതിന് ഒരുറപ്പുമില്ലയിരുന്നു.. പിന്നെന്തിനാ ചോദിക്കുന്നെ?'
റോഡരികില്‍ നിന്നിരുന്ന പുല്തലപ്പുകളിലൊന്ന് ഒടിച്ചെടുത്ത്
'ഇതു മതി.. ഈ മഞ്ഞുകാലത്തിന്റെ ഓര്‍മ്മയ്ക്ക്.!!'
എന്നു പറയുമ്പോള്‍ അവള്‍ അകലെ നീലമലകളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു..
നീലമലകളുടെ നെറുകയിലുമ്മവച്ചുനില്‍ക്കുന്ന മേഘങ്ങള്‍..
അവന്‍ തിരിഞ്ഞു നടന്നു..
അവനു പിന്നില്‍ അവള്‍ കണ്ണീര്‍ പൊഴിച്ചിരിക്കയാവാം..
അല്ലെങ്കില്‍ നിര്‍വ്വികാരതയോടെ നോക്കിനില്‍ക്കയാവാം..
പിന്നീടെപ്പോഴോ തിരിഞ്ഞു നോക്കിയപ്പോള്‍ വഴി വിജനമായിരുന്നു..മഞ്ഞും മരങ്ങളും മാഞ്ഞുപോയിരുന്നു..
വിസ്മൃതിയിലേക്ക് വീണുമരിച്ച പാതയുടെ അറ്റത്ത് അയാള്‍ ഒറ്റയ്ക്കായിരിക്കുന്നു..
'എവിടെയാണ് നീയിപ്പോള്‍? അയാള്‍ക്ക് ചോദിക്കാതിരിക്കാനായില്ല..
'ഞാന്‍ അടുത്ത് തന്നെയുണ്ട്..
നീയല്ലേ എന്നും അകലെയായിരുന്നത്!
ഓര്‍മ്മയിലേക്ക് പെയ്തു വീഴുന്ന ലെക്ചര്‍ ക്ലാസുകള്‍..ലൈബ്രറിയിലെ നിശബ്ദത..
വരാന്തയുടെ അങ്ങേ അറ്റത്തുനിന്നുമുയരുന്ന മുദ്രാവാക്ക്യങ്ങളുടെ മുഴക്കത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പത്തുമണിപ്പൂക്കള്‍..
മഴയുടെ തുടക്കം പോലെ പെയ്തു നിറയുന്ന മുദ്രാവാക്ക്യംവിളി..
ഒടുവില്‍ മഴ പെയ്തോഴിയുന്നതുപോലെ ബെല്ലുമുഴങ്ങും..
ആകാശത്ത് പരന്നു കിടന്ന മേഘങ്ങളെടുത്ത് നീലമലകളുടെ നെറുകയിലെക്കൊഴിച്ച പോലെ അത് താഴ്വരകളിലൂടെ മഞ്ഞായി പടര്‍ന്നു പിടിക്കുന്നു..
മഞ്ഞായിരിക്കുമ്പോള്‍ മഴയായ് പെയ്തു നിറയാനും..മഴയായിരിക്കുമ്പോള്‍ മഞ്ഞായ് പടര്‍ന്നു പിടിക്കാനും കൊതിച്ച അവര്‍ അക്കേഷ്യ മരങ്ങള്‍ക്കിടയിലെ ഏകാന്തതയിലെ മര്‍മരത്തില്‍ കൈകോര്‍ത്ത് പിടിച്ചു നടന്നു..
പറയാന്‍ വന്നതെന്തോ മറന്നു നില്‍ക്കുന്ന മരങ്ങളുടെ നിഴലുകള്‍ക്കിടയിലൂടെ ഇളം കാറ്റ് വട്ടമിട്ടു പറന്നു.
അടര്‍ന്നു വീണ ഇലകള്‍ കരിയിലകളായി..
'എന്തേ നീയീ സന്ധ്യാംബരം പോലെ വിഷാദമൂകനായി?'
ചുവന്നു തുടങ്ങിയ പടിഞ്ഞാറേ വാനം അവളുടെ കവിളില്‍ പ്രതിബിംബിച്ചു.
കൂടണയാന്‍ വെമ്പി പറന്നു പോകുന്ന പറവകള്‍.. പറവകള്‍ക്കു ദിശ കാണിച്ചു കാറ്റു വീശുന്നു.
കാറ്റു പോകുന്നിടത്തെക്ക് മേഘങ്ങള്‍ പറന്നു പോയിക്കൊണ്ടിരുന്നു.
'കയറി ചെല്ലാന്‍ ഒരിടമില്ലാത്തവര്‍ക്ക് ഈ ലോകത്ത് പോകാന്‍ എത്രയിടങ്ങളുണ്ട് അല്ലെ?
കാറ്റു പോകുന്നത് പോലെ, ചെന്ന് കയറുന്നിടമെല്ലാം ഓര്‍മ്മകള്‍ നിറച്ചു പറന്നങ്ങനെ നടക്കാം..'
'എന്തേയിപ്പോ?'
'ഒന്നും ശാശ്വതമല്ല..
ഗഗനം മഹാ വൃക്ഷം..
തവ ശിഖരമെന്‍ ജീവന്‍...
തരിക നീയെനിക്കൊരഭയം..'
അവന്‍ കൈകളുയര്‍ത്തി ആകാശത്തേക്ക് നോക്കി.
'തവ ചരണം മമ ജീവിതം'
അവന്‍ മുട്ടുകുത്തിനിന്നുകൊണ്ട് അവള്‍ക്കു നേരെ കൈനീട്ടി.
'പോടാ.' അവള്‍ കൈ തട്ടി മാറ്റികൊണ്ട് നടന്നു.
'നീയെന്താ അന്നു പറഞ്ഞെ? `ഭൂമിയില്‍ മഞ്ഞു പെയ്യുന്ന കാലത്തോളം സ്മൃതിപഥങ്ങളിലെന്നും ഈ കാല്‍പ്പാടു കാണും`- എന്ന് അല്ലെ? എന്നിട്ടിപ്പോ?'
'സ്മൃതിപഥങ്ങളില്‍നിന്നും മാഞ്ഞു പോയവയെ ഓര്‍മ്മിപ്പിക്കാന്‍ കാലം ഓരോന്ന് കരുതി വയ്ക്കും.. നീയതിനൊരു ദൃഷ്ടാന്തം മാത്രം'
'അത്രെയെയുള്ളൂ ഞാന്‍?'
..ആയിരുന്നില്ല... അതിനുമപ്പുറമേവിടെയോ..
ആ ഒരു മഞ്ഞുകാലം കഴിഞ്ഞതോടെ അവിടത്തെ പഠനം ഉപേക്ഷിച്ചു പോയി..
വെയിലുദിക്കുമ്പോള്‍ അപ്രത്യക്ഷമായി പോകുന്ന കോടമഞ്ഞുപോലെ
റബ്ബര്‍തോട്ടങ്ങളും കാടുപിടിച്ചു കിടന്ന അക്കേഷ്യ മരങ്ങളും അവയ്ക്കിടയിലൂടെയുള്ള റോഡും അതിനറ്റത്തെ മഞ്ഞകുമ്മായം പൂശിയ ആ ലോകവും മാഞ്ഞുപോയി..
വിധിയോടു പൊരുതി, നിലനില്‍പ്പിനായുള്ള പ്രയാണത്തില്‍ ഓര്‍മ്മയുടെ പുല്‍ക്കൊടി എവിടെയോ നഷ്ടപ്പെട്ടുപോയി..
ജന്നല്‍ചില്ലുകള്‍ക്കപ്പുറത്തുനിന്ന് നിലാവിന്റെ ഇത്തിരിനാളം റൂമിലേക്കു കയറിവരുന്നുണ്ട്..
താരകള്‍ കൂട്ടിനില്ലാതെ ഏകനായി നില്‍ക്കുന്ന ചന്ദ്രബിംബം..
ആഴക്കടലിലെവിടെയോ കപ്പിത്താനില്ലാതെ ഒഴുകിനടക്കുന്ന കപ്പലിനെ പോലെ.. തിരമാലകളില്‍ ഉഞ്ഞാലാടി അതു യാത്ര തുടര്‍ന്നു..
മാറിവരുന്ന ഋതുക്കളില്‍ കരയില്‍ പൂവിടുകയും, മഴപെയ്യുകയും, മഞ്ഞു വീഴുകയും, ചിലപ്പോഴൊക്കെ വറ്റിവരളുകയും ചെയ്തു..
ആകാശത്തിലെ നക്ഷത്രങ്ങള്‍ സമുദ്രത്തില്‍ പ്രതിബിംബിച്ചു..
താരകളെ നിങ്ങളെന്റെ മണ്‍ചിരാതു തിരികെ തരിക..
ഋതുഭേദങ്ങളറിയാതെ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു..
'ഋതുഭേദങ്ങളിലൂടെ കാലം പിന്നോട്ട് പോയിരുന്നെങ്കില്‍..'