Wednesday, December 2, 2009

നിഴല്‍ചിത്രങ്ങള്‍...

മുളം കാടുകള്‍ പോലെ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകള്‍..
ബാല്‍ക്കണിയുടെ കൈവരിയില്‍ കയ്യുന്നിവച്ച് അവന്‍ ചാരനിറത്തില്‍ നിന്ന ആകാശത്തേക്കു നോക്കിനിന്നു.
പഞ്ഞിക്കെട്ടു പോലെ മേഘങ്ങള്‍ പതിയെ ആകാശത്തേക്കു കയറി വരുന്നുണ്ടായിരുന്നു. മേഘങ്ങള്‍ക്കിടയിലൂടെ മിന്നിത്തുടങ്ങുന്ന നക്ഷത്രങ്ങള്‍.
സോഡിയം വേപ്പര്‍ ലാമ്പിന്റെ വെള്ളി വെളിച്ചത്തില്‍ കുളിച്ചു രാത്രിയിലേക്കു നീണ്ടു കിടക്കുന്ന റോഡ്‌.
ബാല്‍ക്കണിയില്‍നിന്നു നോക്കിയാല്‍, വലിയ ആല്‍മരങ്ങള്‍ക്കും, ഒരാളുയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ചെടികള്‍ക്കുമിടയില്‍ കുത്തിനിര്‍ത്തിയിരിക്കുന്ന കുരിശുകള്‍ മാത്രമുള്ള സെമിത്തെരിയാണ്.

സാമുവല്‍ ജോണ്‍സ് ചാരുകസേരയില്‍ കണ്ണടച്ച് മലര്‍ന്നു കിടക്കുകയായിരുന്നു. ചുറ്റും സിഗരറ്റു ചാരം ചിതറിക്കിടന്നു.
'കാറ്റുകൊണ്ടു ഉറങ്ങിപ്പോയോ?'
അയാള്‍ ഞെട്ടി കണ്ണുതുറന്നു.
അതെ ഈ കാറ്റ്.. കാറ്റിനു നല്ല മണം.
അയാള്‍ വിരല്‍ ചൂണ്ടി. സെമിത്തേരിയുടെ അറ്റത്തേക്ക്.
പച്ചമണ്ണില്‍ പൂഴ്ന്നു നിന്ന കുരിശിന്റെ അടിയില്‍നിന്നും ഉയരുന്ന കുന്തിരിക്കത്തിന്റെയും ചന്ദനത്തിന്റെയും പുക!
സെമിത്തേരിയില്‍നിന്നുള്ള മണം.
'മരണത്തിന്റെ മണം'
സാമുവല്‍ ജോണ്‍സ് ചിരിച്ചു. സിഗരറ്റു കറ പുരണ്ട പല്ലുകള്‍ കാണിച്ചു ചിരിച്ചു.
അയാള്‍ മൂക്കിന്റെ അറ്റത്തേക്കു താഴ്ന്നു നിന്ന കണ്ണടയുടെ മുകളിലൂടെ അവനെ കൂര്‍പ്പിച്ചു നോക്കി.
പിന്നെ സിഗരറ്റു കറ പുരണ്ട പല്ല് കാണിച്ചു ചിരിച്ചു.
അയാളുടെ ചിരി പേടിപ്പെടുത്തുന്നതായിരുന്നു, എന്നും.

ആദ്യം കാണുമ്പോഴും ഇങ്ങനെയായിരുന്നു.
കറ പുരണ്ട കൂര്‍ത്ത കൊമ്പല്ലു കാണിച്ചു കൊണ്ടുള്ള തണുത്ത ചിരി.

അന്ന് ഉറക്കം വരാത്തൊരു രാത്രിയില്‍ ഫ്ലാറ്റിനു പുറത്തെ വരാന്തയില്‍ സെമിത്തേരിയിലെ ഇരുട്ടിലേക്കു നോക്കിയിരിക്കുകയായിരുന്നു. അകലെ കത്തിത്തീര്‍ന്ന മെഴുകു തിരിയുടെ അവസാനത്തെ നാളം കാറ്റിലുലയുന്നു.
രാത്രിയുടെ തണുപ്പ് വസ്ത്രം തുളച് അകത്തു കയറുന്നുണ്ടായിരുന്നു.
'എന്താ ഇരുട്ടത്ത്‌ വെളിച്ചമില്ലാതെ?'
വാച്ച്മാന്‍ ആയിരിക്കും എന്നാണ് കരുതിയത്.
അയാളുടെ കയ്യിലും വെളിച്ചമില്ലായിരുന്നു.
രാവെളിച്ചതില്‍ അയാളുടെ മുഖത്തെ പാതിഭാഗം കാണാമായിരുന്നു.
തടിച്ച കറുത്ത ഫ്രെയിം വച്ച കണ്ണടയും നരവീണ കുറ്റിത്താടിയുമുള്ള മുഖം.
ചിരിക്കുമ്പോള്‍ കോമ്പല്ലുകള്‍ പുറത്തു കാണാം.
'വെറുതെ.. ഉറക്കം വരുന്നില്ല!'
അവന്‍ അയാളെ തുറിച്ചു നോക്കി.
മനസിലായില്ലെന്നു മുഖം പറയുന്നതു കൊണ്ടായിരിക്കണം അയാള്‍ സ്വയം പരിചയപ്പെടുത്തി.
സാമുവല്‍ ജോണ്‍സ് - ഫ്ലാറ്റ് നമ്പര്‍ 301-ലെ പുതിയ അന്തേവാസി.

സെമിത്തേരിയുടെ നിശബ്ദതകളിലെ തേങ്ങലുകള്‍. ആത്മാക്കള്‍ വിശ്രമിക്കുന്ന മാര്‍ബിള്‍കല്ലറയുടെ മുകള്‍ഭാഗം ചന്ദനത്തിരിയുടെ ചാരവും വാടിയ പൂക്കളും വീണു വിളറിവെളുത്തു കിടന്നു.
രാത്രികാലങ്ങളില്‍ പുകച്ചുരുള്‍ പോലെ മഞ്ഞ് അവയ്ക്കു മുകളിലൂടെ പറന്നുനടന്നു.

'മരണത്തിലേക്ക് എത്ര ദൂരമുണ്ട്?'
'ജീവിതത്തിന്റെ അറ്റത്തോളം! പക്ഷെ മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല. ചിലര്‍ മരണത്തിനു ശേഷമാണ് ശരിക്കും ജീവിതം ആരംഭിക്കുന്നത്.'
'അതെ.. മഹാത്മാക്കളും, പിന്നെ അലഞ്ഞു തിരിയുന്ന വെറും ആത്മാക്കളും'
സാമുവല്‍ ജോണ്‍സ് തിരിഞ്ഞ് അയാളെ നോക്കി.
ആ നോട്ടത്തില്‍ നിസംഗതക്കയ്ക്കപ്പുറത്ത് ഒന്നുമില്ലായിരുന്നു.

സാമുവല്‍ ജോണ്‍സിന്റെ നോട്ടത്തില്‍നിന്നോളിച്ചോടാന്‍ ശ്രമിച്ച അയാളുടെ കണ്ണുകള്‍ എത്തിയത് സെമിത്തേരിയുടെ ഒരു കല്ലറയ്ക്കടുത്ത് വളര്‍ന്നു നിന്ന മരത്തിലായിരുന്നു.
ആ കല്ലറയ്ക്കകത്തെ ആത്മാവും മരത്തിന്റെ വേരുകളും കെട്ടുപിണഞ്ഞു കിടക്കുകയായിരിക്കും.
മരത്തിനു ചുറ്റും മിന്നാമിനുങ്ങുകള്‍ പറന്നു നടന്നു,
ആത്മാവുകളുടെ കണ്ണുകളായിരിക്കണം.

അയാള്‍ തിരിഞ്ഞ് നോക്കിയപ്പോഴേക്കും സാമുവല്‍ ജോണ്‍സ് പൊയ്ക്കഴിഞ്ഞിരുന്നു.
നീണ്ട വരാന്തയിലെ അങ്ങേ അറ്റത്തുമാത്രം ചെറിയവട്ടത്തില്‍ ബള്‍ബു കത്തുന്നു. ഇയാള്‍ ഇത്രപെട്ടന്ന്‍ എവിടെയ്ക്കപ്രത്യക്ഷനായി?

*****

സാമുവല്‍ ജോണ്‍സ് ചാരുകസേരയില്‍ കണ്ണടച്ചു മലര്‍ന്നു കിടക്കുകയായിരുന്നു. ചുറ്റും സിഗരറ്റു ചാരം ചിതറിക്കിടന്നു. അയാളുടെ വിരലുകള്‍ക്കിടയിരുന്ന സിഗരറ്റു കുറ്റിയില്‍ നിന്നു പുക അന്തരീക്ഷത്തിലേക്ക് അലിഞ്ഞുചേര്‍ന്നു.

കാറ്റ് വന്നു മെഴുകുതിരി ഊതിക്കെടുത്തി.

'ശവപ്പെട്ടിക്കകത്തെ ഇരുട്ടാണ്‌,
ശവപ്പെട്ടികള്‍ മനുഷ്യന്റെ ആത്യന്തികമായ ഡെസ്റ്റിനേഷന്‍.
ശവപ്പെട്ടിക്കുള്ളിലെ അനക്കമില്ലാത്ത ഇരുട്ടിലേക്കുള്ള പ്രയാണമാണ് ജീവിതം'

അയാള്‍ സാമുവല്‍ ജോണ്‍സ് ഇരുന്ന കസേരയിലേക്ക് തുറിച്ചു നോക്കി.
സിഗരറ്റു കുറ്റിയുടെ അറ്റത്തെ ചുവന്ന കനല്‍ എരിയുന്നതുമാത്രം കാണാം, പുകച്ചുരുളുകള്‍ ഇരുട്ടിലെക്കി ലയിച്ചു ചേരുന്നതും. പിന്നെ ആ കനലും അണഞ്ഞു പോയി.

കാറ്റുപോലും നിശ്ചലമായിരിക്കുന്നു.
അനക്കമില്ലാത്ത ഇരുട്ടാണ്‌ ചുറ്റും.

കറന്റു വന്നപ്പോള്‍ ചാരുകസേരയില്‍ സാമുവല്‍ ജോണ്‍സ് ഇല്ലായിരുന്നു.
റൂമിനകത്തു മുഴുവന്‍ സിഗരറ്റു ചാരം വീണു കിടന്നു.
ഇയാളിതെവിടെ പോയി!!
ജനലിനപ്പുറത്തെ മരത്തില്‍ വിരിഞ്ഞു നിന്ന പൂവിന്റെ മണവും സിഗരറ്റു പുകയും കലര്‍ന്ന രൂക്ഷ ഗന്ധം റൂമില്‍ നിറഞ്ഞു നിന്നു.
പുറത്തെ രാത്രിയില്‍ ഇലയനക്കങ്ങള്‍ക്കൊപ്പം നായ്ക്കളുടെ ഓരിയിടലും മാത്രം കേള്‍ക്കാം.

അയാള്‍ ചാരുകസേരയിലേക്ക് തുറിച്ചു നോക്കി.
അത് ജീര്‍ണിച്ച മരത്തടിയായിരുന്നു. അതില്‍ വിരിച്ചിരുന്ന തുണി പഴകിദ്രവിച്ചതായിരുന്നു.
അയാളൊന്നു തൊട്ടപ്പോഴേക്കും അത് പൊടിഞ്ഞു താഴെ വീണു.

റൂമിനു പുറത്ത് കട്ടപിടിച്ചു കിടന്ന ഇരുട്ട് ജനലിലൂടെ തള്ളിയകത്തു കയറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

അതെ.. ശവപ്പെട്ടി വേണം.

പിറ്റേന്ന് അയാളൊരു ശവപ്പെട്ടി വാങ്ങി.
അയാള്‍ അത്, ചാരവും ഉരുകിയ മെഴുകുതിരികളും വാടിയ പൂക്കളും ചിതറിക്കിടന്ന തറയില്‍ വച്ച്.
പിന്നെ അയാള്‍ അതില്‍ കയറി നീണ്ടു നിവര്‍ന്നു കിടന്ന് മൂടി വച്ചു.
ശവപ്പെട്ടിക്കകാതെ നിശ്ചലമായ ഇരുട്ട്!!!
ആ കറുത്ത ശവപ്പെട്ടിക്കു പുറത്ത് വെളുത്ത അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ടായിരുന്നു.
സാമുവല്‍ ജോണ്‍സ്
ജനനം : 1983 നവംബര്‍ 10
മരണം: .....

Tuesday, March 3, 2009

പാതി ഇരുളില്‍... പാതി നിലാവില്‍...


അവള്‍ പോയി.. എന്നെ തനിച്ചാക്കി അവള്‍ പോയി...
ഇനിയൊരിക്കലും തിരിച്ചു വരാത്തിടത്തേക്ക്..
ഒരാഴ്ച മുന്‍പുണ്ടായ കാര്‍ അക്സിഡെന്‍റില്‍..
കൃത്യമായി പറഞ്ഞാല്‍ എട്ടുദിവസം മുന്‍പത്തെ രാത്രിയില്‍ എതിരെ വന്ന വാഹനത്തിന്‍റെ തീക്ഷ്ണമായ ഹെഡ് ലൈറ്റില്‍ ഒരു മാത്ര കണ്ണഞ്ചിപ്പോയതാണ്...
അതു‌ വഴി വന്ന ഏതോ ഒരു ടാക്സി ഡ്രൈവറുടെ കാരുണ്ണ്യത്തില്‍് ആകെ രക്തത്തില്‍ കുളിച്ച അവളുമായി ഹോസ്പിറ്റലില്‍ പോകുന്ന വഴിക്കു വച്ച് അവള്‍ മരിച്ചു. എന്‍റെ കൈകളില്‍ കിടന്ന്...
അയാള്‍ ലകഷ്യബോധമില്ലാതെ തെരുവോരത്തു കൂടെ അലഞ്ഞു നടന്നു... മഹാനഗരം അയാള്‍ക്കു വച്ചു നീട്ടിയതെല്ലാം തിരിച്ചെടുത്തിരിക്കുന്നു. ശൂന്യതയാണു മുമ്പില്‍.


'മോഹന്‍'
അയാള്‍ തിരിഞ്ഞു നോക്കി.
സമീര ചക്രബര്‍ത്തി - കൊച്ചു കുഞ്ഞുങ്ങളുടെ കൊഞ്ചല്‍ പോലെ സംസാരിക്കുന്ന ബംഗാളിപ്പെണ്‍കുട്ടി. അയാളുടെ കൊള്ളിഗ് ആണ്.
'ഹാ മീരാ..' അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു.
'When you came back?'
'Yesterday night'
അവള്‍ അമ്മയുടെ അസുഖം കാരണം രണ്ടാഴ്ച മുമ്പ് ലീവെടുത്തു നാട്ടില്‍ പോയതായിരുന്നു.
'Shall I offer a cup off tea'?
അവര്‍ restaurant - ന്‍റെ മുന്‍പിലായിരുന്നു. അവള്‍ ചായ കുടിക്കാന്‍ പോകുകയായിരുന്നിരിക്കണം.
'No.. thanks'
'Ohh.. no yaar... don't worry, I will pay'
അത്‌ പറഞ്ഞ് അവള്‍ നടന്നു കഴിഞ്ഞു . ഒരു നിമിഷം ശങ്കിച്ചു നിന്ന് അയാള്‍ പുറകെയും.


ചുവന്ന അരണ്ട വെളിച്ചം മാത്രമുള്ള restaurant. ചില്ലു ജനാലകള്‍ക്കപ്പുറത്തു നിന്ന് ഇടയ്ക്കെപ്പോഴൊക്കെയോ വാഹനങ്ങളുടെ head light ന്‍റെ വെളിച്ചം അകത്തേക്കു വരുന്നു.
അതു‌ മുഖത്തു തട്ടുമ്പോള്‍ അയാള്‍ അസ്വസ്ഥനായി.
'നശിച്ച വെളിച്ചം' അയാള്‍ പിറുപിറുത്തു.
'എന്ത് പറ്റീ?' സമീര മെനുവിലൂടെ കണ്ണോടിക്കുകയായിരുന്നു.
'Nothing...'
അവള്‍ വെയ്റ്ററോട് എന്തൊക്കെയോ order ചെയ്യുന്നു.
അയാള്‍ വെയ്റ്ററെ തുറിച്ചു നോക്കി. തൊപ്പിയുടെ നിഴല്‍ അയാളുടെ പാതി മുഖം മറച്ചിരുന്നു. ശരീരം മുഴുവന്‍ മറയുന്ന woolen overcoat ആണ് ധരിച്ചിരുന്നത്. അയാളുടെ മുഖം വിളറി വെളുത്തിരുന്നു. സംസാരിക്കുമ്പോള്‍ അയാളുടെ കൂര്‍ത്ത കോമ്പല്ലുകള്‍ പുറത്തു കാണാം. അതില്‍ ചോരക്കറയുണ്ടോ?

സമീര പുറത്തെ ഇരുളിലേക്കു നോക്കിയിരിക്കുകയായിരുന്നു.
'So how is you Mom now? alright?'
നിശ്ശബ്ദത അലോരസപ്പെടുത്തുന്നുണ്ടായിരുന്നു. അയാള്‍ നിശബ്ദതയെ സ്നേഹിച്ചു... ചിലപ്പോഴൊക്കെ വെറുക്കുകയും...
'Yeah.. She had the surgery... and now recovering...'

ഇരുളു തുളച്ചു പോകുന്ന വാഹനങ്ങള്‍.
അന്തകാരം തിന്മയുടെ പ്രതിരൂപമാണ്.
വിധി. പ്രിയപ്പെട്ടതെല്ലാം തട്ടിയകറ്റുന്ന വിധി.
'അങ്ങിനെ എല്ലാറ്റിനേം വിധിയെ കുറ്റം പറയാന്‍ പറ്റില്ല. നിന്നെയെനിക്കു തന്നതും വിധിയല്ലേ?' അനു പറയാറുണ്ട്.
അതേ വിധി തന്നെ...
'By the way, where is your perfect half?'
നിന്‍റെ നല്ലപാതിയെവിടെ?
സമീര അങ്ങിനെയാണ് അനുവിനെ വിളിക്കാറ്. നല്ല പാതി.
പാതി ഇരുളില്‍,.. പാതി നിലാവില്‍... അര്‍ദ്ധചന്ദ്രന്‍ ആകാശത്തുനിന്നു. ക്രൂരമായ പുഞ്ചിരി.
How could I tell she is no more!
'എന്തു പറ്റീ?? രണ്ടു പേരും പിണങ്ങിയിരിക്ക്യാണോ?
നീയവളെ ചുമ്മാ വഴക്കു പറഞ്ഞിരിക്കും..'
അയാളൊന്നും പറഞ്ഞില്ല. അയാളുടെ തറച്ച നോട്ടം കൊണ്ടോ എന്തോ ചന്ദ്രബിംബം വിറക്കുന്നു.
'Hey.. take it easy yaar... നാളെ കാണുമ്പോള്‍ ഞാന്‍ പറഞ്ഞു ശരിയാക്കാം...
പിന്നൊരു കാര്യം, ഇനിയുമിങ്ങനെ വഴക്കുണ്ടാക്കരുത്...'
അയാള്‍ വെറുതെ ചിരിച്ചു.

ചായക്കപ്പു ചുണ്ടോടടുപ്പിച്ചപ്പോഴാണു വെളിച്ചം വന്ന് അയാളുടെ മുഖത്തടിച്ചത്... ഒരു നിമിഷം... കപ്പു മേശമേല്‍ വീണു ചിതറിപ്പോയി.
ചുറ്റുപാടും ചിതറിക്കിടക്കുന്ന രക്തത്തുള്ളികള്‍...
'സാരല്യ...'
waiter വന്നു പൊട്ടിയ ഗ്ലാസ് കഷ്ണങ്ങള്‍ എടുത്തു മാറ്റി. പിന്നെ കൈ കൊണ്ടു രക്തം തുടച്ചുമാറ്റി.
'വേറെ ചായ പറയണോ??'
'വേണ്ട..'
അയാള്‍ വെയ്റ്ററെ തന്നെ തുറിച്ചു നോക്കിയിരുന്നു.
'എന്തു പറ്റീ??'
'He looks like Drakula'
തമാശ കേട്ടപോലെ അവള്‍ ചിരിച്ചു.
'പോകാം..'
അവള്‍ യാത്ര പറഞ്ഞു പോയി.

അയാള്‍ നടന്നു... പാതി ഇരുളില്‍, പാതി നിലാവില്‍...

അകലെ അപ്പാര്ട്ടുമെന്‍റ്സിലെ apartments- ലെ മൂന്നാം നിലയിലെ അയാളുടെ ഫ്ലാറ്റിന്‍റെ വാതിലിനു മുകളില്‍ zero bulb കത്തുന്നു. അവിടെത്തെ വിളക്ക് എന്നെന്നേക്കുമായി അണഞ്ഞു പോയിരിക്കുന്നു.

അയാള്‍ ചുവന്ന ഓടുപാകിയ നടപ്പാതയില്‍ കയറി നടന്നു. അവളുടെ വിരല്‍ കോര്‍ത്തു പിടിച്ചു നടന്ന വഴികള്‍... ഒരുമിച്ചു സ്വപ്നം കണ്ടിരുന്ന സിമെന്‍റു ബെഞ്ച്‌! ഇനിയോറ്റക്കാണ്... സ്വപ്നങ്ങളില്ലാത്ത ലോകം!

അയാള്‍ റുമിനു മുമ്പില്‍ വന്ന് ഒരുമാത്ര നിന്നു. പിന്നെ calling ബെല്‍ നീട്ടിയടിച്ചു.
ഒരുവേള അവള്‍ വന്നു വാതില്‍ തുറന്നെങ്കിലോ!!!
ഇല്ല... യാഥാര്‍ത്യം ക്രൂരമാണ്.
!

അയാള്‍ കീയെടുത്ത് വാതില്‍ തുറന്ന് അകത്തു കയറി. വീടാകെ അലങ്കോലപ്പെട്ടു കിടന്നു. ടീപ്പോയിക്കു മീതെ രണ്ടു മൂന്നു ദിവസത്തെ ന്യൂസ് പേപ്പര്‍ പാറിപ്പറന്നു കിടന്നു. സോഫ കവര്‍ മുഷിഞ്ഞു കിടക്കുന്നു. ഫ്ലോവേര്വസ് നിലത്തു വീണുടഞ്ഞു കിടന്നു. വാടിയ റോസാപ്പൂ ഇതളുകൊഴിഞ്ഞു വീണു കിടന്നു. അനു ഉണ്ടായിരുന്നെങ്കില്‍...

അയാള്‍ വാതില്‍ തുറന്ന് ബാല്‍ക്കെണിയിലേക്കു നടന്നു. നിലാവ് കാര്‍മേഘങ്ങള്‍ക്കുള്ളില്‍ പുതഞ്ഞു പോയിരിക്കുന്നു. ഇരുളും തണുപ്പും സര്‍പ്പം കണക്കെ പുളഞ്ഞു നടന്നു. കൈകള്‍ പിറകില്‍ കെട്ടിവച്ച് കൈവരിയില്‍ ചാരിനിന്ന് അയാള്‍ ആകാശത്തിന്‍റെ അറ്റത്തേക്കു നോക്കി നിന്നു. നക്ഷത്രങ്ങളില്ലാത്ത രാത്രി.
This is not the end of the life... ഇനിയും ജീവിച്ചേ മതിയാകൂ..

നിലാവെളിച്ചം ചുമരില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. വെളിച്ചത്തിന്‍റെ പൊട്ടുകള്‍ കൂടിചേര്‍ന്ന് ഒരു സ്ത്രീരൂപം!! അയാള്‍ നിര്‍നിമേഷനായി നോക്കിനില്‍ക്കെ ധൂളികള്‍ ചിതറിത്തെറിച്ചു പോയി.

മഹാനഗരം ഉറങ്ങുന്നു... എന്‍റെ ഉറക്കം കളഞ്ഞ ലോകം!
ലോകം സുന്ദരമാണ്. Only if all the things are going fine.

Calling bell അടിക്കുന്ന ശബ്ദം കേട്ടാണ് അയാളുണര്‍ന്നത്, കൂടെ ഒരു ശബ്ദവും..
'Hey.. open the door... I have a surprise for you..'
അതു‌ മീരയാണ്...
'ബെല്ലടിച്ചിട്ടു കാര്യല്യ.. കീ എന്‍റെ കയ്യിലുണ്ട്...'
ആ ശബ്ദം... ആ ശബ്ദം... ആ ശബ്ദം പരിചിതമാണ്..
അയാള്‍ ഞെട്ടിപ്പോയി... സ്വപ്നമാണോ?
അല്ല പുലര്‍ന്നിട്ടു ഏറെയായിരിക്കുന്നു. വെളിച്ചം ജനലിലൂടെ കടന്നു വരുന്നുണ്ട്... പകല്‍നഗരത്തിന്‍റെ ശബ്ദവും.
അയാള്‍ ചാടിയെണീറ്റു.
ഈ ശബ്ദം... ഈ ശബ്ദം...
ഡോറിന്‍റെ ലോക്ക് പതുക്കെ തിരിയുന്നു.
തുറന്ന വാതിലിനപ്പുറം നിറഞ്ഞ ചിരിയുമായി സമീര. അവള്‍ക്കപ്പുറം കഥനഭാരം മുഖത്തേറ്റി നീരുണങ്ങാത്ത കണ്ണുമായി അനുവും!
അയാള്‍ക്കു വിശ്വസിക്കാനായില്ല...
കണ്ണുകള്‍ പലപ്പോഴും പറയുന്നതു തനിക്കള്ളമാണോ?
സന്തോഷം കൊണ്ടോ എന്തോ അയാള്‍ക്കു വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിനിന്നു.
'ദേ നിന്‍റെ അനു. ഇനിയെന്താന്നുവച്ചാ പെട്ടന്ന് പറഞ്ഞു തീര്‍ക്ക്'
അതു‌ പറഞ്ഞ് സമീര തിരിഞ്ഞു നടക്കാന്‍ ഭാവിച്ചു.
'നീയാരോടാ സംസാരിക്കുന്നെ?' അനു സമീരയുടെ കയ്യില്‍ പിടിച്ചു.
'ദേ...' സമീര ചിരിച്ചുകൊണ്ട് മുഖമുയര്‍ത്തി അയാളെ ചൂണ്ടിക്കാണിച്ചു.
'ആര്?'
'നിന്‍റെ...' അവള്‍ അനുവിനെ പിടിച്ച് അയാള്‍ക്കു നേരെ തള്ളി.
അവള്‍ വീഴാതെ ബാലന്‍സു പിടിച്ച് പറഞ്ഞു.
'ഇവിടാരുമില്ലല്ലോ...'
അതൊരു വെള്ളിടി പോലെയാണ് അയാള്‍ കേട്ടത്, സമീരയും...
സമീരയുടെ മുഖത്ത് ആശ്ചര്യവും ഭയവും...
'അനൂ... മോഹന്‍?'
അനു പൊട്ടിക്കരഞ്ഞുകൊണ്ട് സമീരയെ കെട്ടിപ്പിടിച്ചു.
'മീരാ... മോഹന്‍ പോയി.. എന്നെത്തനിചാക്കി അവന്‍ പോയി..
ഇനിയൊരിക്കലും തിരിച്ചു വരാതെ...'
'അനൂ... ഞാന്‍...' അയാളുറക്കെ വിളിച്ചു...
ഇല്ല.. അവള്‍ കേള്‍ക്കുന്നില്ല...
അയാള്‍ കയ്യെത്തി അവളുടെ കവിളില്‍ തൊടാന്‍ ശ്രമിച്ചു...
ഇല്ല.. കയ്യെത്തുന്നതിനും അകലെയാണവള്‍!!
'കഴിഞ്ഞയാഴ്ചയുണ്ടായ കാര്‍ accedent-ല്‍..'
പിന്നെയൊന്നും പറയാതെ അവള്‍ വിങ്ങി വിങ്ങി കരഞ്ഞുകൊണ്ടിരുന്നു.
സമീര വിറച്ചു കൊണ്ടു അയാളെത്തന്നെ തുറിച്ചുനോക്കിനിന്നു.
'ഇല്ല... I am still alive...'
അല്ല കേള്‍ക്കുന്നതും കാണുന്നതും സത്യമല്ല...
'മീരാ... നീയെങ്കിലും കേള്‍ക്കൂ...'
അവള്‍ കേള്‍ക്കുന്നില്ല... തുറിച്ചു നോക്കുക മാത്രം ചെയ്യുന്നു.

അയാള്‍ ഇറങ്ങി നടന്നു. അവളുടെ കണ്ണുകള്‍ പിന്‍തുടര്‍ന്നു വരുന്നുണ്ടായിരുന്നു. അനുവിന്‍റെ എങ്ങല്‍ ഇപ്പോഴും ഉച്ചത്തില്‍ കേള്‍ക്കാം...
സെക്യു‌രിറ്റിക്കാരന്‍ ചിരിച്ചുകൊണ്ടോടിവന്നു ഗേറ്റ് തുറന്നു. 'ഗുഡ് മോര്‍ണിംഗ് സര്‍...'
അയാള്‍ തലയാട്ടിക്കൊണ്ട് നടന്നു.
'Who is alive?? Me or what??'