Wednesday, August 13, 2008

നോക്കുകുത്തിയും ഭ്രാന്തനും

പടിഞ്ഞാറോട്ടോഴുകുന്ന പുഴയുടെ നൂപുരധ്വനി. പുഴയുടെ ഇരുവശത്തും പരന്നു കിടക്കുന്ന നെല്‍വയലാണ്. സ്വര്‍ണ്ണം വിളഞ്ഞു നില്ക്കുന്ന നെല്‍ചെടികള്‍ വെയിലില്‍ തല ചായ്ച്ചു മയങ്ങുന്നു. വയല്‍ വരമ്പില്‍ കുത്തി നിര്‍ത്തിയിരിക്കുന്ന മുളങ്കമ്പില്‍ നോക്കുകുത്തി തലയെടുപ്പോടെ നില്ക്കുന്നു. വിളവെടുപ്പു കഴിയുന്നതുവരെ നോക്കുകുത്തി കാവലിരിക്കും, രാവും പകലും.

കരിമഷികൊണ്ട് കണ്ണെഴുതിയ നോക്കുകുത്തി സുന്ദരനായിരുന്നു. ഇരു ദിശകളിലെക്കും നോട്ടം പായിച്ച് നോക്കുകുത്തി നിന്നു. നോക്കുകുത്തികളെ ഉണ്ടാക്കാന്‍ എളുപ്പമാണ്. വക്കു പൊട്ടിയ ചട്ടിയും ഇത്തിരി വൈക്കോലും മതി. പക്ഷെ നോക്കുകുത്തിയുടെ പണി അത്ര എളുപ്പമല്ല. കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണം. നോക്കുകുത്തി നക്ഷത്രങ്ങളെ നോക്കി ചിരിച്ചു. ഒരു കണക്കില്‍ പറഞ്ഞാല്‍ നക്ഷത്രങ്ങളും നോക്കുകുത്തികളാണ്. നോക്കുകുത്തികള്‍ മാലാഖമാരാണ്‌, കാവല്‍ മാലാഖമാര്‍. നോക്കുകുത്തി അതില്‍ അഭിമാനം കൊണ്ടു.

നോക്കുകുത്തിക്ക് ഉയരത്തില്‍ നില്‍ക്കാം. ഗ്രാമം മുഴുവന്‍ നോക്കികാണാം. വയലിനരികിലൂടെ ഒഴുകുന്ന പുഴയും അതിനുമുകളിലെ കയറുപാലവും, പുഴയുടെ അക്കരെയുള്ള റോഡും നോക്കുകുത്തി നോക്കി നില്‍ക്കാറുണ്ട്. അതുവരെ ബസ്സ് വരും. അവിടെനിന്നു ബസ്സ് കയറാനാണ് തന്റെ കാല്ച്ചുവട്ടിലൂടെ ആളുകള്‍ ധൃതിയില്‍ നടന്നു പോയിക്കൊണ്ടിരുന്നത്.

ഭ്രാന്തന്‍ ആ ഗ്രാമത്തിനു സുപരിചിതനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരു ഇടവപ്പാതി കാലത്താണ് ഭ്രാന്തന്‍ വഴിതെറ്റി ആ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നത്. മഴപെയ്യുന്ന രാത്രികളില്‍ അയാള്‍ പാടത്തിനു അടുത്തുള്ള നെല്ലുപുരയുടെ ഇറയത്തു കിടന്നു. അല്ലാത്തപ്പോള്‍ രാത്രിയില്‍ എത്തിച്ചേരുന്നയിടം അയാള്‍ക്ക് വിശ്രമസ്ഥലമായി. ഭ്രാന്തന്റെ തലമുടിയും താടിയും ജടപിടിച്ചുകിടന്നു. മുഖം കരുവാളിച്ചിരുന്നു. പക്ഷെ ആ കണ്ണുകളില്‍ വെളിച്ചമുണ്ടായിരുന്നു.

രാത്രിയില്‍ ഭ്രാന്തന്‍ നോക്കുകുത്തിക്ക് കൂട്ടിരിക്കും. നോക്കുകുത്തി കൌതുകത്തോടെ ഗ്രാമം നോക്കിക്കാണുന്പോള്‍ ഭ്രാന്തന്‍ പറയും.

'ഈ ലോകത്തിന്റെ ഒരു കൊച്ചു പൊട്ടു മാത്രമാണ്. അനന്തമായി നീണ്ടു കിടക്കുന്ന ജീവിതത്തിന്റെ ഇടറി വീണ ഒരു പഴുത്ത ഇല മാത്രം'.

പുഴയ്ക്കക്കരെയുള്ള റോഡിനും അപ്പുറം ലോകമുണ്ടെന്നു പറഞ്ഞു കൊടുത്തത് ഭ്രാന്തനായിരുന്നു.


നോക്കുകുത്തിക്ക് മുന്പുള്ള ജീവിതം അഥവാ ലോകം നോക്കുകുത്തിക്ക് അത്ഭുതമായിരുന്നു. നോക്കുകുത്തി ചോദിച്ചു.
'ഞാന്‍ വരുന്നതിനും മുന്പ് ഈ ലോകമുണ്ടായിരുന്നു, അല്ലെ?...
നീ ഇവിടെ വന്നിട്ട് എത്ര നാളായി?'
'ഞാനും നീയും തമ്മില്‍ യുഗങ്ങളുടെ അന്തരമുണ്ട്‌'
അയാളുടെ കണ്ണുകളില്‍ ചക്രവാളങ്ങള്‍ക്കപ്പുറത്തുനിന്നു വന്നു വീഴുന്ന നക്ഷത്രങ്ങളുടെ വെളിച്ചം.
തുരുന്പ് പിടിച്ച കാലചക്രം കറങ്ങുന്ന ശബ്ദം ചെവിയില്‍ വന്നലച്ചു.
അന്തകാരത്തിനു മീതെ വെളിച്ചത്തിന്റെ വെള്ളിടിവാളുകള്‍ വന്നു വീണു.
ഭ്രാന്തന്റെ പുഞ്ചിരിയിലൂടെ യുഗങ്ങള്‍ക്കപ്പുറത്തുനിന്നു നിലാവിന്റെ നേര്ത്ത കണങ്ങള്‍ അരിച്ചു വന്നു.

'യുഗങ്ങള്‍ക്ക് മുന്പേ നീ ഏകനായിരുന്നുവോ?'
'എകാന്തതകളോടു കൂട്ടുകൂടുന്പോഴാണ് ഞാനോറ്റയല്ലെന്നു മനസിലാവുന്നത്!!' ഭ്രാന്തന്‍ ചിരിച്ചു.


ഭ്രാന്തന്‍ തീപ്പെട്ടിയുരച്ച് മെഴുകുതിരി കത്തിച്ചു‌ വച്ചു‌.
പുഴയില്‍ നിന്നു വന്ന കാറ്റ് മെഴുകുതിരി ഊതിക്കെടുത്തിക്കൊണ്ട് ഓടിപ്പോയി.
ഭ്രാന്തന്‍ കൈകള്‍ കഴുത്തില്‍ പിണച്ചുകെട്ടി, ഒരു കാല്‍ മറ്റേ കാലിനു മുകളിലേക്ക് ഉയര്ത്തിവച്ചുകൊണ്ട് വെറും നിലത്തു ആകാശത്തേക്ക് നോക്കി കിടന്നു.
നോക്കുകുത്തി മണം പിടിച്ചു കൊണ്ടു പറഞ്ഞു.
'ശാരദേച്ചീടെ അടുക്കളെന്നു മീങ്കൂട്ടാന്റെ മണം വരണുണ്ട്...'
നോക്കുകുത്തി ഭ്രാന്തനെ നോക്കി. അയാള്‍ കിടന്നു കൊണ്ടു ആകാശത്തെ നക്ഷത്രങ്ങളെ നോക്കുകയാണ്.
'നിനക്കെങ്ങനെയാ ഭ്രാന്തു തുടങ്ങിയത്?' നോക്കുകുത്തി ചോദിച്ചു.
ഭാന്തന്‍ ചിരിച്ചു, നിര്‍ത്താതെ. പിന്നെ ഒരു നിമിഷത്തെ മൌനത്തിനു ശേഷം പറഞ്ഞു.
'ഭ്രാന്ത്‌ ഈ ലോകത്തു ജീവിക്കാനുള്ള ഒരു പ്രേരണ... അത് ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും'


* * * * *

'ഓ... പാട്ടു തുടങ്ങി..'
'അയാളവിടെ പാടിക്കോട്ടേ.. വേറെ ശല്യമൊന്നുംല്യാലോ'
'ഇന്നു ശാരദേച്ചീടെ വക എന്തേലും സ്പെഷ്യല്‍ കിട്ടീട്ട് ണ്ടാവും അതാ ത്ര സന്തോഷം, അല്ലാ ഈ ശാരദേചീക്കു മാത്രെന്തേ ആ ഭ്രാന്തനോട് ഇത്രക്കു സോഫ്റ്റ്കോര്‍ണര്‍?'
ചോറു പാത്രത്തിലെക്കിട്ടുകൊണ്ടു രാജി ചോദിച്ചു.
ആനന്ദ് ചിരിച്ചു കൊണ്ടു കറി ചോറിലേക്കോഴിച്ചു കൊണ്ടു പറഞ്ഞു.
'ചേച്ചിക്കു മാത്രല്ല, ഇവിടെ എല്ലാര്‍ക്കും ഭ്രാന്തനെ ഇഷ്ടാ'
രാജി ചോദ്യഭാവത്തില്‍ നോക്കി.
' അത് നീയിവിടെ വരുന്നതിനും രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്നൊരു പെരുമഴക്കാലത്ത്, കുലം കുത്തിയൊഴുകുന്ന പുഴയിലേക്ക്‌, പാലത്തില്‍ നിന്നു തെന്നി വീണ ശാരദേച്ചീടെ ഇളയ കുട്ടിയെ ആ ഭ്രാന്തനാണ് രക്ഷിച്ചത്‌. കുലം കുത്തിയൊഴുകുന്ന പുഴയില്‍ നിന്നു അയാള്‍ കുഞ്ഞിനെ കൊണ്ടു കയറി വരുന്നതു...'
അയാള്‍ക്കിപ്പോഴും അത് അവിശ്വസനീയതയോടെയേ ഓര്‍ക്കാനാവുന്നുളു‌...
രാജിയുടെ മുഖത്ത് അത്ഭുതം. അവള്‍ പാട്ടു കടന്നുവന്ന ജനലിനു നേരെനോക്കിനിന്നു.
' എനിക്ക് തോന്നുന്നതു അയാള്‍ക്ക് ഭ്രാന്തില്ലെന്നാ'
'അയാള്‍ക്ക് ഭ്രാന്തിലെങ്കില്‍ പിന്നാര്‍ക്കാ ഭ്രാന്ത്‌??' ആനന്ദ് ചിരിച്ചു.


അവള്‍ കതകു തുറന്ന് ഇരുളിലേക്കു നോക്കി.
അകലെ നോക്കുകുത്തിക്ക് ചുവട്ടില്‍ ഒരു മെഴുകുതിരിയുടെ വെട്ടത്തിലിരുന്നുകൊണ്ടു ഭ്രാന്തന്‍ പാട്ടു പാടുകയാണ്.
കയ്യിലിരുന്ന സ്റ്റീല്‍പ്ലേറ്റില്‍ അയാള്‍ താളം പിടിക്കുന്നുണ്ട്. അരികിലിരുന്നുകൊണ്ട് ശാരദേച്ചീടെ രണ്ടു മക്കളും അയാളെ സാകൂതം നോക്കുന്നു. ചോറു കൊണ്ടു വന്ന പാത്രവുമായി കുട്ടികള്‍ തിരിച്ചു പോയിട്ടും അയാള്‍ പാട്ടു നിര്‍ത്തിയിട്ടില്ല. പാടത്തിനപ്പുറത്ത് ഒഴുകുന്ന പുഴയുടെ ശബ്ദം കേള്‍ക്കാം. പുഴയ്ക്കു കുറുകെയുള്ള, മന്ദമുലയുന്ന തൂക്കുപാലവും ഇരുളില്‍ നേര്‍ത്തതായി കാണാം. പാലത്തിന്റെ ചവിട്ടുപടികളെല്ലാം ദ്രവിച്ചു തുടങ്ങിയിരിക്കുന്നു.

മലവെള്ളമോഴുകുന്ന പുഴയില്‍നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ കയറി വരുന്ന ആകെ നനഞ്ഞ ഒരു പ്രാകൃത മനുഷ്യന്‍. അയാളുടെ കൈകളില്‍ വെള്ളം കുടിച്ച്, ബോധമില്ലാതെ കിടന്നിരുന്ന ഒരു കൊച്ചുകുഞ്ഞുമുണ്ടായിരുന്നു. അലമുറയിട്ടു കരയുന്നവരുടെ കൈകളിലേക്ക് കുഞ്ഞിനെ ഏല്‍പ്പിച്ച് അയാള്‍ നടന്നു പോയി, അവദൂതനെപ്പോലെ.

'അയാളിപ്പോഴോന്നും നിര്‍ത്തില്ല, നീ വന്നു എന്തേലും കഴിക്ക്'
രാജി വാതിലടച്ചു.

ഭ്രാന്തന്‍ പാട്ടിന്റെ താളത്തിനോപ്പിച്ച് ചുവടുവച്ചുകൊണ്ടു എഴുന്നേറ്റു.
നോക്കുകുത്തിക്ക് ചിരിപൊട്ടി.
'അപ്പൊ പാട്ടു മാത്രല്ല, ഡാന്‍സും അറിയാം ല്ലേ?'
ഭ്രാന്തന്‍ ചുവടുവച്ച്, പാത്രത്തില്‍ താളം പിടിച്ച് പാടിക്കൊണ്ടിരുന്നു.

'മതി നിര്‍ത്തിക്കോ, രാഘവേട്ടന്‍ വരുന്നുണ്ട്'
പാലത്തിനു മുകളില്‍ ടോര്‍ച്ചിന്റെ നേര്‍ത്ത മിന്നാമിന്നി വെട്ടം.
ഭ്രാന്തന്‍ പാത്രം നിലത്തു വച്ച് നോക്കുകുത്തിയുടെ മുളങ്കന്പില്‍ ചാരിനിന്നു.
രാഘവേട്ടന്‍ അടുത്തെത്തിയപ്പോള്‍ ഭ്രാന്തന്‍ വെളിച്ത്തിലെക്കു കയറിനിന്നു.
'ചോടുണ്ടോ?'
ഭ്രാന്തന്‍ തലയാട്ടി. പിന്നെയെന്തോ പറയാനുള്ളതു പോലെ തല ചൊറിഞ്ഞുനിന്നു.
രാഘവേട്ടന്‍ പോക്കറ്റില്‍ നിന്നും രണ്ടു ബീഡിയെടുത്ത് നീട്ടി.
ഭ്രാന്തന്‍ അത് ചാടിപ്പിടിച്ചു വാങ്ങി.
രാഘവേട്ടന്‍ പോയിക്കഴിഞ്ഞപ്പോള്‍ നോക്കുകുത്തി പറഞ്ഞു.
'എന്തൊരു നാറ്റാ അയാളെ, കള്ളും ബീഡിയും തന്ന് അയാളാ നിന്നെ വഷളാക്കുന്നെ..'
മെഴുകുതിരിയുടെ തീയ്യില്‍ നിന്നും ബീഡി കത്തിച്ചു വലിച്ചു കൊണ്ടു ഭ്രാന്തന്‍ ചോദിച്ചു.
'പക്ഷെ അയാളെ ആരും വഷളനെന്നു വിളിക്കുന്നില്ലല്ലോ!!'


ഭ്രാന്തന്‍ നോക്കുകുത്തിക്കു‌താഴെയിരുന്ന് ബീഡി വലിച്ചുകൊണ്ടു ആകാശത്തേക്ക്‌ പുകചുരുളുകള്‍കൊണ്ട് വളയങ്ങളുണ്ടാക്കി.

കണ്ണടച്ചു കിടന്നുറങ്ങുന്ന ഗ്രാമത്തിനു മുകളിലൂടെ നോക്കുകുത്തി നോക്കി. മെഴുകുതിരി ഉരുകി തീര്‍ന്നിരിക്കുന്നു. ആകാശത്ത് ചന്ദ്രതാരങ്ങളും ഉറങ്ങിക്കഴിഞ്ഞു. തന്റെ കാല്‍ച്ചുവട്ടില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന മനുഷ്യന്‍ ഭ്രാന്തനാണ്. നോക്കുകുത്തി തന്നോടു തന്നെ പറഞ്ഞു...