പടിപ്പുരയുടെ തുറന്നുവച്ച വാതിലിനപ്പുറത്ത് ഇരന്പിയാര്‍ത്തുവരുന്ന കടലാണ്. എന്തിനാണ് കടലിലേക്കിറങ്ങുന്ന പടികള്‍?
തിരകളിലേക്ക് ഇടറിവീഴുന്ന മഴത്തുള്ളികളെ ശ്രദ്ധിക്കാതെ അവന്‍ തിരിഞ്ഞുനടന്നു.
ഉമ്മറപ്പടിയില്‍ കൊത്തിവച്ച ശില്പ്പത്തിനു ജീവന്‍ വയ്ക്കുന്നുവോ? വിരല്‍ തൊട്ടപ്പോള്‍ വീണാധാരിയുടെ വിരലനങ്ങുന്നു. വീണയുടെ നാദം പൊഴിഞ്ഞുവോ?
പോക്കുവെയില്‍ കാഴ്ച്ചകള്‍ക്കിടയിലൂടെ അവന്‍ നടന്നു. അവന്‍റെ ചെവികളില്‍ രുദ്രവീണാധാരിയുടെ ശില്‍പ്പത്തില്‍ നിന്നും പൊഴിഞ്ഞ സംഗീതം അലയടിക്കുകയാണ്...
നഗരത്തിനു നടുവിലെ ഉദ്യാനത്തിലെ വല്ലിക്കുടിലിനു ചുവട്ടില്‍ ഇരിക്കുകയായിരുന്നു. പൂവിടരുകയും കൊഴിയുകയും ചെയ്യുന്നവരുടെ ലോകം, പൂവിടരുകയും കൊഴിയാതിരിക്കുകയും ചെയ്യുന്ന ലോകം കാത്തിരിക്കുകയാണ്. അപ്പൊള്‍ മരണമുണ്ടാവില്ലേ?...
മരണത്തിന്‍റെ കറുപ്പിന് ഏഴഴകും നല്കി ഭയത്തെ അകറ്റാന്‍ ശ്രമിക്കുകയാണ്.
ആകാശത്തിനു ചുവട്ടിലെ മനോഹരഭൂമിയിലെന്തിനേ നിരാശകളും നൊന്പരങ്ങളും?
ചുവപ്പും മഞ്ഞയും നിറങ്ങള്‍ ഇടകലര്‍ന്ന, പരന്ന് വട്ടത്തിലുള്ള, നീണ്ട ഞെട്ടിയുള്ള പൂവുകള്‍ കൊഴിഞ്ഞുകിടക്കുന്ന സിമെന്‍റു ബെഞ്ച് വ്രിത്തിയാക്കഇ അവന്‍ അതില്‍ കയറിയിരുന്നു.
റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദം. പിന്നെ ബഹളം വച്ച് ഒരുകൂട്ടം കുട്ടികള്‍ നടന്നു പോകുന്നു.
'കേള്‍ക്കാനുണ്ടോ മുത്തശ്ശ്യേ?'
'എന്ത്?'
'വീണയുടെ ശബ്ദം?'
'നിക്ക്യൊന്നും കേള്‍ക്കനില്ല്യ കുട്ട്യേ.. നിനക്കെന്താ പറ്റിയേ?'
അപ്പോ ശരിക്കും ഇല്ല്യാ? പക്ഷേ ഞാന്‍ കേട്ടതോ?
അനിയത്തി വീണാധാരിയുടെ ശില്പ്പത്തിലെ വീണയില്‍ കണ്ണും നട്ട് ഇരിക്കുകയാണ്. 'ഇതുപോലൊന്ന്, നിക്കും..' ഒളികണ്ണിട്ടുകൊണ്ട് ചോദിച്ചു.
'നീ കേട്ടോടീ?'
'ന്ത്?'
'വീണയുടെ ശബ്ദം?'
അവള്‍ ചിരിച്ചുകൊണ്ട്, തലവെട്ടിച്ച് കണ്ണുകള്‍ രണ്ടുവട്ടം ചിമ്മിത്തുറന്ന് അകത്തേക്ക് ഓടിപ്പോയി.
കുട്ടികളുടെ ശബ്ദം നടന്നു പോകുന്നു.
മരത്തില്‍ നിന്നും പൂവുകള്‍ കൊഴിയുന്നുണ്ട്. മടിയിലേക്കു വീണ വാടിയ ഒരു പൂവിതള്‍ അവന്‍ കയ്യിലെടുത്തു. വാടിയ, നിറം മങ്ങിയ, ചുക്കിച്ചുളിഞ്ഞ ഒരിതള്‍. മനോഹരമായ ഒരു ഭൂതകാലത്തിന്‍റെ തിരുശേഷിപ്പ്....
അവന്‍ കാലുകള്‍ ബെഞ്ചിലേക്കുകയറ്റിവച്ചു. പിന്നെ കൈകൊണ്ട് കാലുകളില്‍ ചുറ്റിപ്പിടിച്ച് തല കാല്‍മുട്ടുകളിലേക്കമര്‍ത്തിവച്ചു.
അലറിമരത്തിന്‍റെ ചുവട്ടിലെ തണലില്‍, ചരലുനീക്കി വ്രിത്തിയാക്കി കൊത്തങ്കല്ലുകളിക്കാന്‍ അവര്‍ വട്ടം കൂടിയിരുന്നു.
'ഇത് പെങ്കുട്ട്യോള് കളിക്കണ കളിയല്ലേ?.. നിനക്കെന്താ ഇവിടെ കാര്യം?'
മുഖങ്ങളൊന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.
അവന്‍ തലയുയര്‍ത്തിനോക്കി. ഇരുട്ടുവീണു തുടങ്ങിയിരിക്കുന്നു. അവന്‍ തല പിന്നോട്ടു ചായ്ച്ച് കണ്ണടച്ചുകിടന്നു.
'ന്താ കുട്ട്യേ ത്രിസന്ധ്യ നേരത്ത് ഉറങ്ങ്വാ? ങ്ങട് വന്നിരുന്ന് നാമം ചൊല്ല്വാ..' മുത്തശ്ശിയാണ്. കത്തുന്ന നിലവിളക്കിനു മുന്നിലിരുന്ന് അനിയത്തി നാമം ചൊല്ലുന്നുണ്ട്. അവന്‍ ഉമ്മറപ്പടിയില്‍ നിന്ന് എഴുന്നേറ്റ് അകത്തേക്കുനടന്നു. പിന്നെ മേശവലിപ്പില്‍ നിന്നും എഴുതാത്ത നോട്ട്ബുക്കിന്‍റെ ഏടുകളില്‍ ഫൌണ്ടന്‍ പേന കുടഞ്ഞ് മഷി വീഴ്ത്തി. പിന്നെ വിരലുകൊണ്ട് അതു പടര്‍ത്തി.
മഷി പരന്നുകിടക്കുന്നത് ചോരയുടെ നിറത്തിലാണ്.
അവന്‍ ഞെട്ടി കണ്ണുതുറന്നു. ചുണ്ടിനുമുകളില്‍ നിന്നും തണുപ്പ് ഒലിച്ചിരങ്ങുന്നു. തൊട്ടുനോക്കി. ചോരയാണ്. മൂക്കില്‍ നിന്നും ഒലിച്ചിരങ്ങുന്ന ചോര.
ഒരിക്കല്‍ മൂക്കില്‍ നിന്നും ചോരവന്നപ്പോള്‍ അനിയത്തി കരഞ്ഞുകൊണ്ട് ഓടിവന്നത്.
'ദേ, നോക്ക്, ചോരവരുന്നൂ.. ' അവളുടെ മുഖത്തുമുഴുവന്‍ ചോരപുരണ്ടിരുന്നു, തുടച്ചപ്പോള്‍ കൈകളിലും. പിന്നെ വാടിക്കുഴഞ്ഞ് മടിയിലേക്കു വീണത്...
അവനിറങ്ങിനടന്നു. ഇരുട്ടായിരുന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ ചിരിച്ചു.
ആറുവരിയുള്ള റോഡിന്‍റെ മദ്ധ്യത്തിലുടെയുള്ള ഒറ്റവരിക്കല്ലുകൊണ്ടു തീര്‍ത്ത ഡിവൈഡറിനുമീതെക്കൂടെ ആകാശത്തെ നക്ഷത്രങ്ങളെ നോക്കിനടക്കുകയാണ്, അവനിപ്പോള്‍...
ഇടവും വലവും പാഞ്ഞുപോകുന്ന വാഹനങ്ങളുടെ നടുവില്‍ വിടര്‍ത്തിപ്പിടിച്ച കൈകള്‍ കൊണ്ട് ബാലന്‍സു ചെയ്ത് അവന്‍ ഒറ്റവരിക്കല്ലിനു മീതെ നടന്നു.
അപ്പോഴേക്കും മഴപെയ്യാന്‍ തുടങ്ങിയിരുന്നു.
കത്തിത്തുടങ്ങിയ അവന്‍റെ ഹ്രിദയം തണുത്തുതുടങ്ങി. മഴപിന്നെയും ശക്തിയേറുകയാണ്.
പെയ്ത വെള്ളം ഒലിച്ചുപോകാതെ കെട്ടിക്കിടക്കുകയാണ്. മഴപിന്നെയും...
ജലനിരപ്പ് ഉയരുകയാണ്..
വെള്ളം മുട്ടോളമെത്തി. പിന്നെയുമുയര്‍ന്ന് നെഞ്ചോളം...
അവന്‍ നടത്തം തുടരുകയാണ്.. മഴപിന്നെയും...
പിന്നെ സാഗരത്തിന്നലകള്‍ കേള്‍ക്കായി.. ചെവിയില്‍ വന്നലയ്ക്കുന്ന സാഗരത്തിന്‍റെ നൂപുരധ്വനി.
കടലിലേക്ക് തുറന്നിട്ടിരിക്കുന്ന പടിപ്പുരവാതില്‍..
തിരകളിലേക്കു വീഴുന്ന മഴത്തുള്ളികളെ ശ്രദ്ധിക്കതെ അവന്‍ നടന്നു, പടിപ്പുരവാതിലും കടന്ന്. ഉമ്മറപ്പടിയില്‍ കൊത്തിവച്ച ശില്പ്പത്തിനു ജീവന്‍ വച്ചിരുന്നു. അന്തരീക്ഷത്തില്‍ വീണയുടെ നാദം നിറഞ്ഞു നിന്നു...